റിയാന്‍ പരാഗ് ഇഴയുന്നു, ബാറ്റിംഗ് ക്രമത്തില്‍ രാജസ്ഥാന് തെറ്റുപറ്റി; രൂക്ഷ വിമര്‍ശനം മുന്‍ താരം വക

155 റണ്‍സ് മാത്രം ജയിക്കാന്‍ റോയല്‍സിന് വേണ്ടിയിരുന്നിട്ടും അക്രമണ ബാറ്റിംഗ് പരാഗിന്‍റെ ഭാഗത്ത് നിന്നുണ്ടാവാതെ വന്നതോടെ രാജസ്ഥാന്‍ 10 റണ്‍സിന്‍റെ തോല്‍വി ജയ്‌പൂരില്‍ നേരിട്ടിരുന്നു 

IPL 2023 Amol Muzumdar blast struggling Riyan Parag and Rajasthan Royals batting order against LSG jje

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ റിയാന്‍ പരാഗ്. റോയല്‍സ് ടീം അകമഴിഞ്ഞ് പിന്തുണയ്‌ക്കുമ്പോഴും പരാഗിനെ ഇനിയും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിക്കൂടാ എന്ന ശക്തമായ ആവശ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ആരാധക പ്രതിഷേധം വകവെക്കാതെ ടീമില്‍ നിലനിര്‍ത്തിയിട്ടും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് എതിരായ മത്സരത്തില്‍ തട്ടിയും മുട്ടിയ കളിച്ച പരാഗിനെ വിമര്‍ശിക്കുകയാണ് മുന്‍ താരം അമോല്‍ മജുംദാര്‍. 155 റണ്‍സ് മാത്രം ജയിക്കാന്‍ റോയല്‍സിന് വേണ്ടിയിരുന്നിട്ടും അക്രമണ ബാറ്റിംഗ് പരാഗിന്‍റെ ഭാഗത്ത് നിന്നുണ്ടാവാതെ വന്നതോടെ രാജസ്ഥാന്‍ 10 റണ്‍സിന്‍റെ തോല്‍വി ജയ്‌പൂരില്‍ നേരിട്ടിരുന്നു. 

'ഒരുസമയം ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമേ റിയാന്‍ പരാഗിനുണ്ടായിരുന്നുള്ളൂ. അതിവേഗ ബാറ്റിംഗിലേക്ക് പരാഗ് മാറേണ്ടതുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ധ്രുവ് ജൂരെലിനെ നേരത്തെ അയക്കണമായിരുന്നു. കാരണം, ജൂരെല്‍ ടച്ചിലുള്ള താരമാണ്. മത്സരം ജയിപ്പിക്കാനുള്ള കഴിവ് ഏത് താരത്തിനാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് മനസിലാകും. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സിന് അടുത്തെത്തിയ ജൂരെല്‍ അദേഹത്തിന്‍റെ മികവ് കാട്ടുന്നുണ്ട്. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചുകളില്‍ ആങ്കര്‍ റോളില്‍ കളിക്കാനാവുന്ന താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സില്‍ കുറവാണ്' എന്നും അമോല്‍ മജുംദാര്‍ കൂട്ടിച്ചേര്‍ത്തു. 

ഫോമിലുള്ള ഹിറ്റര്‍ ധ്രുവ് ജൂരെലിനെ മറികടന്ന് ആറാമനായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെ ബാറ്റിംഗ് അയച്ചത്. ക്രീസിലേക്ക് പറഞ്ഞുവിടും മുമ്പ് മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര എന്തൊക്കെയോ നിര്‍ദേശങ്ങള്‍ പരാഗിന് നല്‍കുന്നുണ്ടായിരുന്നു. എല്ലാം കേട്ട് തലകുലുക്കി ക്രീസിലെത്തിയ റിയാന്‍ പരാഗ് പക്ഷേ ആരാധകരെ വെറുപ്പിക്കുന്ന ബാറ്റിംഗ് ഒരിക്കല്‍ കൂടി പുറത്തെടുത്തു. 12 പന്ത് നേരിട്ട് 15 റണ്‍സ് മാത്രം നേടിയ പരാഗ് പുറത്താവാതെ നിന്നപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ മൈതാനത്തിന് ഏറ്റവും നീളമേറിയ ഭാഗത്തുകൂടെ സിക്‌സറിന് ശ്രമിച്ച ധ്രുവ് ജൂരെല്‍ ബൗണ്ടറിലൈനിലെ ഹൂഡയുടെ അപ്രതീക്ഷിത ക്യാച്ചിലാണ് മടങ്ങിയത്. ജൂരെല്‍ കാണിച്ച ഈ അക്രമണോത്സുകത ഒരിക്കല്‍പ്പോലും പരാഗിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. 

Read more: നാണംകെട്ട് തല നിലത്ത് മുട്ടി റിയാന്‍ പരാഗ്; ഇത്ര ദയനീയ റെക്കോര്‍ഡ് നിലവില്‍ ആര്‍ക്കുമില്ല

Latest Videos
Follow Us:
Download App:
  • android
  • ios