മധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്! ലഖ്‌നൗ പുറത്ത്; മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറില്‍

ലഖ്‌നൗവിനെ എറിഞ്ഞ് നാട്ടിലേക്ക് പറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്, ഹിറ്റ്മാനും കൂട്ടരും ക്വാളിഫയറില്‍

IPL 2023 Akash Madhwal got five wicket for 5 runs Mumbai Indians Eliminate Lucknow Super Giants from IPL 2023 jje

ചെന്നൈ: അഞ്ച് റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‍വാളിന് മുന്നില്‍ 81 റണ്‍സിന് തോറ്റ് ഐപിഎല്‍ പതിനാറാം സീസണില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പുറത്ത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യന്‍സ് ടിക്കറ്റെടുത്തു. ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന്‍റെ എല്ലാവരും 101 റണ്‍സിന് പുറത്തായി. സ്കോർ: മുംബൈ- 182/8 (20), ലഖ്‌നൗ- 101 (16.3). മുംബൈക്കായി പേസർ ആകാശ് മധ്‍വാള്‍ 3.3 ഓവറില്‍ വെറും അഞ്ച് റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യന്‍സ് ഫൈനലുറപ്പിക്കാന്‍ 26-ാം തിയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടണം.  

മധ്‍വാളിന് അഞ്ചില്‍ 5

മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ രണ്ട് വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് വീഴ്‌ത്തി. 6 പന്തില്‍ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്‌വാളും 13 പന്തില്‍ 19 നേടിയ കെയ്‌ല്‍ മെയേഴ്‌സിനെ ക്രിസ് ജോര്‍ദാനും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതിന് ശേഷം ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസും ക്രുനാല്‍ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തില്‍ 1), നിക്കോളാസ് പുരാനേയും(1 പന്തില്‍ 0) പുറത്താക്കി ആകാശ് മധ്‍വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറില്‍ 74-5 എന്ന നിലയില്‍ ലഖ്‌നൗ തകർന്നു. 

ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ ടിം ഡേവിഡിന്‍റെ പന്തില്‍ ഇഷാന്‍ കിഷന്‍റെ സ്റ്റംപിംഗ് വഴിത്തിരിവായി. 27 പന്തില്‍ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തില്‍ 2) അനാവാശ്യ ഓട്ടത്തില്‍ ​റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറില്‍ പുറത്താക്കി മധ്‍വാള്‍ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറില്‍ ദീപക് ഹൂഡയും(13 പന്തില്‍ 15) റണ്ണൗട്ടായി. അവസാനക്കാരന്‍ മൊഹ്‍സീന്‍ ഖാന്‍റെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്‍വാള്‍ മുംബൈക്ക് 81 റണ്‍സിന്‍റെ കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു. 

പാഴായി നവീന്‍റെ നാല് വിക്കറ്റ്

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 182 റണ്‍സെടുത്ത്. സൂര്യകുമാര്‍ യാദവും(20 പന്തില്‍ 33), കാമറൂണ്‍ ഗ്രീനും(23 പന്തില്‍ 41) മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ(22 പന്തില്‍ 26), നെഹാല്‍ വധേര(12 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗാണ് അവസാന ഓവറുകളില്‍ മുംബൈക്ക് രക്ഷയായത്. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെ മറ്റാര്‍ക്കും കാര്യമായി ഒന്നും സംഭാവന ചെയ്യാനായില്ല. രോഹിത് 11 റണ്ണിനും ഇഷാന്‍ കിഷന്‍ 15നും ടിം ഡേവിഡ് 13നും ക്രിസ് ജോര്‍ദാന്‍ നാലിനും പുറത്തായി. 

ലഖ്‌നൗവിനായി പേസര്‍ നവീന്‍ ഉള്‍ ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്‌സീന്‍ ഖാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി. രോഹിത്, സൂര്യകുമാര്‍, ഗ്രീന്‍, തിലക് എന്നീ നിര്‍ണായക വിക്കറ്റുകളാണ് നവീന്‍ സ്വന്തമാക്കിയത്.

Read more: ഇതും കോലിക്കുള്ള മറുപടിയോ? കെ എല്‍ രാഹുലിന്‍റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്

Latest Videos
Follow Us:
Download App:
  • android
  • ios