ഈഡനെ മുക്കിയ മഞ്ഞക്കടൽ സാക്ഷി, വീണ്ടും രഹാനെ 2.0 വെടിക്കെട്ട്; കൊൽക്കത്തൻ മണ്ണിൽ സൂപ്പർ കിംഗ്സ് വിജയഗാഥ
29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ ജേസൺ റോയ് (61), റിങ്കു സിംഗ് (53) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ.
കൊൽക്കത്ത: സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തൻ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. 49 റൺസിന്റെ മിന്നുന്ന വിജയമാണ് ധോണിയുടെ ചുണക്കുട്ടികളുടെ പട്ടാളം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് അടിച്ചുകൂട്ടിയത്. കെകെആറിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ ജേസൺ റോയ് (61), റിങ്കു സിംഗ് (53) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, തീക്ഷണ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ന്യൂജെൻ രഹാനെ!
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ഒരു ദയയും ഇല്ലാതെയാണ് കൊൽക്കത്തൻ ബൗളർമാരെ പ്രഹരിച്ചത്. ഏഴാമത്തെ ഓവറിൽ 35 റൺസെടുത്ത റുതുരാജ് ഗെയ്കവാദിനെ സുയാഷ് ശർമ്മ വീഴ്ത്തിയപ്പോൾ ഈഡൻ ഒന്ന് ആശ്വസിച്ചു. എന്നാൽ, ന്യൂജെൻ രഹാനെ കെകെആറിന് തലവേദനയുണ്ടാക്കി. ഡെവോൺ കോൺവെയെ വരുൺ ചക്രവർത്തി പുറത്താക്കിയതോടെ എത്തിയ ശിവം ദുബെ വന്നത് മുതൽ അടി തുടങ്ങി. 24 പന്തിൽ രഹാനെ അർധ സെഞ്ചുറിയിലേക്കെത്തി.
ശിവം ദുബെയ്ക്ക് 50ൽ എത്താൻ 20 പന്തുകൾ മാത്രം മതിയായിരുന്നു. പിന്നാലെ കെജ്‍രോലിയക്ക് വിക്കറ്റ് നൽകി ദുബെ മടങ്ങി. അവസാന ഓവറുകളിൽ രഹാനെയും രവീന്ദ്ര ജഡേജയും തകർത്തടിച്ചു. ജഡേജ പുറത്തായതോടെ അവസാന രണ്ട് പന്തുകൾ കളിക്കാൻ ആരവങ്ങൾക്ക് നടുവിൽ ധോണിയെത്തി. പക്ഷേ, ഒരു ഫ്രീഹിറ്റ് മുതലാക്കാൻ താരത്തിന് സാധിച്ചില്ല. അവസാന പന്തിൽ ഡബിൾ ഓടിയെടുത്ത് ധോണിയും രഹാനെയും ടീം സ്കോർ 235ൽ എത്തിച്ചു.
ഒന്ന് പൊരുതി, പിന്നെ വീണു
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച കെകെആറിന്റെ തുടക്കം തിരിച്ചടി നേരിട്ട് കൊണ്ടായിരുന്നു. ആദ്യ രണ്ട് ഓവറുകൾ പൂർത്തിയാകും മുമ്പേ ഓപ്പണർമാരായ എൻ ജഗദീഷനും സുനിൽ നരേയ്നും ഡഗ്ഔട്ടിൽ തിരികെയെത്തി. പിന്നീട് ഒത്തുച്ചേർന്ന വെങ്കിടേഷ് അയ്യർ - നിതീഷ് റാണ കൂട്ടുക്കെട്ടാണ് ടീമിന് പ്രതീക്ഷകൾ നൽകിയത്. ഇരുവർക്കും കൂടുതൽ നേരം പിടിച്ച് നിൽക്കാനായില്ല. ജേസൺ റോയിയും റിങ്കും സിംഗും ചേർന്നതോടെ കെകെആർ സ്കോർ ബോർഡിലേക്ക് റൺസ് എത്തി. 19 പന്തിൽ 50 അടിച്ച ജേസൺ റോയ് ചെന്നൈയ്ക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരുന്നു.
എന്നാൽ തീക്ഷണ ഇംഗ്ലീഷ് താരത്തിന്റെ മിഡിൽ സ്റ്റംമ്പ് തന്നെ പിഴുതതോടെ ഈഡൻ വീണ്ടും നിരാശയിലായി. ഒരറ്റത്ത് റിങ്കു സിംഗ് പോരാട്ടം നയിച്ചത് മാത്രമാണ് കൊൽക്കത്തയ്ക്ക് ചെറിയ സന്തോഷത്തിന് വക നൽകിയത്. പക്ഷേ, 24 പന്തിൽ 80 റൺസ് വേണമെന്ന നിലയിലേക്ക് അപ്പോഴേക്കും കാര്യങ്ങൾ എത്തിയിരുന്നു. കൂറ്റനടികൾക്ക് പേരുകേട്ട ആന്ദ്രേ റസൽ വീണ്ടും നിരാശപ്പെടുത്തിയതോടെ സിഎസ്കെ വിജയം ഉറപ്പിച്ചു. കൂടുതൽ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനേ റിങ്കു സിംഗിന് സാധിച്ചുള്ളൂ.