ഐപിഎൽ: രണ്ടാം ജയം തേടി മുംബൈ; ആദ്യ ജയത്തിനായി ഹൈദരാബാദ്
നേർക്കുനേർ കണക്കുകളിൽ തുല്യശക്തികളാണ് ഇരു ടീമും. 16 മത്സരങ്ങളിൽ ജയം തുല്യമായി പങ്കിട്ടവർ. കിരീടങ്ങളുടെ എണ്ണത്തിൽ വമ്പൻമാരെങ്കിലും മുംബൈയ്ക്ക് മുന്നിൽ ഹൈരദാബാദിനെ ചെറുതായി കാണാനാകില്ല.
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ-ഹൈദരാബാദ് പോരാട്ടം. ആദ്യമത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്തയ്ക്കെതിരെ ശക്തമായി തിരിച്ചെത്തിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. എന്നാൽ ഐപിഎല്ലിൽ ആദ്യ ജയം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
നേർക്കുനേർ കണക്കുകളിൽ തുല്യശക്തികളാണ് ഇരു ടീമും. 16 മത്സരങ്ങളിൽ ജയം തുല്യമായി പങ്കിട്ടവർ. കിരീടങ്ങളുടെ എണ്ണത്തിൽ വമ്പൻമാരെങ്കിലും മുംബൈയ്ക്ക് മുന്നിൽ ഹൈരദാബാദിനെ ചെറുതായി കാണാനാകില്ല. ഡേവിഡ് വാർണർ കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്കെത്തിയ പോലെ ഒറ്റയാൾ പോരാട്ടങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ സംഘം ചേർന്നുള്ള ബാറ്റിംഗ് വെടിക്കെട്ടാണ് ഹൈരാബാദ് ഇനിയും കൊതിക്കുന്നത്.
സ്ഥിരതയില്ലാത്ത ബെയർസ്റ്റോ മെല്ലെപ്പോവുന്ന മനീഷ് പാണ്ഡെ തുടങ്ങി പ്രശ്നങ്ങൾ. കെയിൻ വില്ല്യംസണെ പോലൊരു താരത്തെ ഇത്തവണ കളിപ്പിച്ചാൽ ബാറ്റിംഗ് നിരയ്ക്ക് പതിവിലും കരുത്ത് കൂടും. ബാറ്റിംഗ് നിരയിൽ മുംബൈയ്ക്കുമുണ്ട് ചെറിയ പ്രശ്നങ്ങൾ. സൂര്യകുമാർ യാദവ് പതിവ് പോലെ ഫോമിലുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ തുടങ്ങി പേരുകേട്ട് ബാറ്റിംഗ് നിര ആ മികവ് ഈ സീസണിൽ കാണിച്ചിട്ടില്ല.
ബാറ്റിംഗ് നിരയെക്കുറിച്ച് ഇങ്ങനെ പല സംശയങ്ങളും പറയാനുണ്ടെങ്കിലും ഇരു ടീമുകളുടേയും ബൗളിംഗ് നിര ഒന്നാന്തരമാണ്. മുംബൈയ്ക്കായി ട്രന്റ് ബോള്‍ട്ടും ബുംറയും ഒരു വശത്ത്. റാഷിദ് ഖാന്‍,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍ എന്നിവർ ഹൈദരാബാദ് നിരയിലും.