ചുമ്മാ തീ, എമ്മാതിരി യോര്‍ക്കര്‍! ഹര്‍ദിക് പാണ്ഡ്യയുടെ കണ്ണുതള്ളിച്ച് ആവേഷിന്‍റെ പന്ത്- വീഡിയോ
ആദ്യ പന്തില്‍ ആവേഷ് തൊടുത്ത ബുള്ളറ്റ് യോര്‍ക്കര്‍ പാണ്ഡ്യയുടെ കാലുകളെ വകഞ്ഞുമാറ്റി സ്റ്റംപുകള്‍ പിഴുതു
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) അമ്പരപ്പിക്കുന്ന ഒരു കൂട്ടം ഇന്ത്യന്‍ യുവ പേസര്‍മാരില്‍ ഒരാളാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) ആവേഷ് ഖാന്‍(Avesh Khan). മുംബൈ ഇന്ത്യന്‍സിനെതിരായ(Mumbai Indians) മത്സരത്തിലും ബൗളിംഗിലെ കൃത്യത കൊണ്ട് ആവേഷ് ഡല്‍ഹി ആരാധകര്‍ക്ക് ആവേശമായി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ ഒന്നൊന്നര യോര്‍ക്കറായിരുന്നു ഇതില്‍ ഏറ്റവും മികച്ചത്.
മുംബൈ ഇന്ത്യന്‍സിലെ 19-ാം ഓവറില്‍ എന്തിനും തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ആദ്യ പന്തില്‍ ആവേഷ് തൊടുത്ത ബുള്ളറ്റ് യോര്‍ക്കര്‍ പാണ്ഡ്യയുടെ കാലുകളെ വകഞ്ഞുമാറ്റി സ്റ്റംപുകള്‍ പിഴുതു. ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാനുള്ള സാവകാശമൊന്നു ഹര്‍ദിക്കിന് ലഭിച്ചില്ല. പുറത്താകുമ്പോള്‍ 18 പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 17 റണ്‍സാണ് പാണ്ഡ്യക്കുണ്ടായിരുന്നത്. സിക്‌സര്‍ വീരന്‍ എന്ന പെരുമ കാട്ടാന്‍ ഈ മത്സരത്തിലും ഹര്‍ദിക്കിനായില്ല.
ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ മുംബൈ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ(7), നേഥന്‍ കോള്‍ട്ടര്‍ നൈല്‍(1), എന്നിവരേയും പുറത്താക്കിയ ആവേഷ് ഖാന്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ആവേഷിന് പുറമെ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റും ആന്‍റിച്ച് നോര്‍ജെയും ആര്‍ അശ്വിനും ഓരോ വിക്കറ്റും വീഴ്‌ത്തിയപ്പോള്‍ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 129 റണ്‍സേ നേടാനായുള്ളൂ.
33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ക്വിന്‍റണ്‍ ഡികോക്ക്(19), സൗരഭ് തിവാരി(15), ക്രുനാല്‍ പാണ്ഡ്യ(3), കീറോണ്‍ പൊള്ളാര്‍ഡ്(6) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.
ഐപിഎല്‍: ഇഴഞ്ഞിഴഞ്ഞ് മുംബൈ; ഡല്‍ഹിക്ക് 130 റണ്‍സ് വിജയലക്ഷ്യം