ചെന്നൈ ഫൈനലിലെത്തിയത് ഒത്തുകളിച്ചെന്ന ആരോപണം; ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ച് ഇര്‍ഫാന്‍ പത്താന്‍
ഫിക്‌സിംഗ്(Fixing) എന്ന പദം പത്താന്‍ ഉപയോഗിച്ചില്ലെങ്കിലും ഒത്തുകളി ആരോപണത്തെ കുറിച്ചാണ് ട്വീറ്റ് എന്ന് വ്യക്തം
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ്(SRH vs MI) മത്സരം ഒത്തുകളിയാണ് എന്ന ആരോപണം നിരവധി പേര്‍ ഉന്നയിച്ചിരുന്നു. സണ്‍റൈസേഴ്‌സിനെതിരെ മുംബൈ ഹിമാലയന്‍ സ്‌കോര്‍ നേടിയതാണ് ഇത്തരമൊരു സങ്കല്‍പത്തിലേക്ക് അവരെ നയിച്ചത്. സീസണിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(DC vs CSK) മത്സര ശേഷവും ഫിക്‌സിംഗ്((Fixing)) ഹാഷ്‌ടാഗുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍(Irfan Pathan).
ഫിക്‌സിംഗ്(Fixing) എന്ന പദം ഉപയോഗിച്ചില്ലെങ്കിലും ഒത്തുകളി ആരോപണത്തെ കുറിച്ചാണ് പത്താന്‍റെ ട്വീറ്റ് എന്ന് വ്യക്തം.
'മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുമ്പോള്‍ ചില ആരാധകരില്‍ വിചിത്രമായ ചിന്തകള്‍ ഉടലെടുത്തു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചപ്പോഴും ചില ആരാധകര്‍ സമാന ഭാവനകള്‍ നെയ്‌തു. സ്വന്തം ടീമിനെ പിന്തുണയ്‌ക്കുന്നത് നല്ലതാണ്. എന്നാല്‍ മറ്റ് ടീമുകള്‍ വിജയിക്കുമ്പോള്‍ ബഹുമാനിക്കാനും പഠിക്കണം. എങ്ങനെയാണ് അവര്‍ കളിച്ചത് എന്ന് മനസിലാക്കുന്നതിനൊപ്പം വിഡ്‌ഢിത്തം നിറഞ്ഞ ഭാവനകള്‍ അവസാനിപ്പിക്കണം' എന്നും പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.
കോലിക്ക് ശേഷം ആര്‍സിബിയെ നന്നായി നയിക്കാന്‍ അവനാകും; പുതു നായകനെ പ്രവചിച്ച് നെഹ്‌റ
ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി. റോബിന്‍ ഉത്തപ്പ(44 പന്തില്‍ 63), റുതുരാജ് ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കൊപ്പം അവസാന ഓവറില്‍ എം എസ് ധോണിയുടെ(6 പന്തില്‍ 18*) വിന്‍റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.
മുംബൈ ഇന്ത്യന്‍സാവട്ടെ, പ്ലേ ഓഫിന് യോഗ്യത നേടാന്‍ 171 റണ്‍സിന്‍റെ മാര്‍ജിനിലുള്ള ജയം വേണ്ട അവസാന ഗ്രൂപ്പ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഹിമാലയന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്‍പത് വിക്കറ്റിന് 235 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സിന്‍റെ പോരാട്ടം എട്ട് വിക്കറ്റിന് 193 എന്ന നിലയില്‍ അവസാനിച്ചു. മത്സരം 42 റണ്‍സിന് മുംബൈ ജയിച്ചെങ്കിലും ക്വാളിഫയറിലെത്തിയില്ല.
ബാറ്റും ബോളുമായി വിജയശില്‍പിയാവാന്‍ പോന്നവന്‍; കൊല്‍ക്കത്ത താരത്തെ വാഴ്‌ത്തി ഗാവസ്‌കര്‍