യുഗാന്ത്യം! വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടു? ഹൃദയഭേദകമായ ചിത്രങ്ങള്‍ സൂചനയോ...
വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് അവസാന ചിത്രം.
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുന്‍നായകന്‍ ഡേവിഡ് വാര്‍ണറും വഴിപിരിഞ്ഞതായി സൂചന. ഫ്രാഞ്ചൈസിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് ഇതിലെ അവസാന ചിത്രം. എന്നാല്‍ ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഐപിഎല്‍ പതിനാലാം സീസണില്‍ നായകസ്ഥാനം തെറിച്ചതിന് പിന്നാലെ വാര്‍ണര്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്തായിരുന്നു. ബാറ്റിംഗിലെ മോശം ഫോമാണ് താരത്തെ സൈഡ് ബഞ്ചിലേക്ക് മാറ്റിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സീസണിലാകെ എട്ട് ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 195 റണ്‍സാണ് സമ്പാദ്യം. യുഎഇ ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ അത്രതന്നെ റണ്‍സേ നേടിയുള്ളൂ. ഇതോടെ ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരത്തെ അടുത്ത സീസണിലേക്ക് നിലനിര്‍ത്തില്ല എന്ന് അഭ്യൂഹങ്ങള്‍ ഉടലെടുത്തിരുന്നു. അവസാന മത്സരങ്ങളില്‍ ഗാലറിയിലാണ് താരം ഇടംപിടിച്ചത്.
2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് 5.5 കോടി രൂപയ്‌ക്കാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തിയത്. 2015ല്‍ നായകസ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ 2016ല്‍ ടീമിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. ബാറ്റിംഗിലും ഹൈദരാബാദിന്‍റെ കുപ്പായത്തില്‍ ഐതിഹാസിക പ്രകടനമാണ് താരം കാഴ്‌ചവെച്ചത്. 95 മത്സരങ്ങളില്‍ 4014 റണ്‍സ് നേടിയ വാര്‍ണറാണ് ടീമിനായി 3000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ഏക താരം.
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്‌മാന്‍ കുടിയാണ്. ഈ സീസണിലെ നിരാശയ്‌ക്കിടയിലും ഹൈദരാബാദ് ഒഴിവാക്കിയാല്‍ അടുത്ത സീസണില്‍ മെഗാ താരലേലത്തില്‍ ക്യാപ്റ്റന്‍സി കൂടി പരിഗണിച്ച് വാര്‍ണര്‍ക്കായി ശക്തമായ ലേലം നടക്കും എന്നാണ് ആരാധകരുടെ വിശ്വാസം. ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 50 ഫിഫ്റ്റിയും സഹിതം 5449 റണ്‍സ് ഈ ഓസീസ് ഓപ്പണര്‍ക്കുണ്ട്.
ഐപിഎല്‍ 2021: ഹൈദരാബാദിനെ പിന്തുണച്ച് കാണികളിലൊരാളായി വാര്‍ണറും..! വീഡിയോ കാണാം