'തല' പോകാതിരിക്കാന്‍ ചെന്നൈ; ആദ്യം നിലനിര്‍ത്തുക ധോണിയെ
'ചെന്നൈ നിലനിര്‍ത്തുന്ന ആദ്യ താരം ധോണിയായിരിക്കും. സിഎസ്‌കെയ്‌ക്ക് ക്യാപ്റ്റനെ തുടര്‍ന്നും ആവശ്യമുണ്ട്'
ചെന്നൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന്((IPL 2022) മുമ്പുള്ള മെഗാ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നിലനിര്‍ത്തുന്ന ആദ്യ താരം നായകന്‍ എം എസ് ധോണിയായിരിക്കുമെന്ന്(MS Dhoni) ഫ്രാഞ്ചൈസി വൃത്തങ്ങള്‍. ക്ലബിന്‍റെ ഇതിഹാസ ക്യാപ്റ്റനായ മഹിയെ തുടര്‍ന്നും മഞ്ഞക്കുപ്പായത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന 'തല' ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.
'താരങ്ങളെ നിലനിര്‍ത്താനുള്ള അവസരമുണ്ടായിരിക്കും എന്നത് വസ്‌തുതതയാണ്. എന്നാല്‍ എത്ര താരങ്ങളെ നിലനിര്‍ത്താം എന്ന് അറിയില്ല. എന്നാലത് എം എസ് ധോണിയുടെ കാര്യത്തില്‍ രണ്ടാമതേ വരികയുള്ളൂ. ചെന്നൈ നിലനിര്‍ത്തുന്ന ആദ്യ താരം ധോണിയായിരിക്കും. സിഎസ്‌കെയ്‌ക്ക് ക്യാപ്റ്റനെ തുടര്‍ന്നും ആവശ്യമുണ്ട്' എന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ ഒരു ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.
ഐപിഎല്ലില്‍ വരും സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഉണ്ടാകുമെന്ന് എം എസ് ധോണി ദുബായില്‍ കിരീടമുയര്‍ത്തിയ ശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് റോളിലായിരിക്കും താൻ സിഎസ്‌കെയിൽ ഉണ്ടാവുകയെന്ന് ധോണി പറഞ്ഞില്ല.
'മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന ബിസിസിഐ പോളിസി അനുസരിച്ചിരിക്കും തീരുമാനം. സിഎസ്‌കെയ്‌ക്ക് ഗുണപരമായ തീരുമാനം കൈക്കൊള്ളും. ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാവാത്ത തരത്തില്‍ കോര്‍ ടീമിനെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്കുള്ള ടീമിനെ മുന്‍കൂട്ടി നിശ്ചയിക്കേണ്ട മെഗാ താരലേലമാണ് വരുന്നത്. 2008ലെ കോര്‍ ഗ്രൂപ്പ് 10 വര്‍ഷത്തിലധികം ടീമിനെ നയിച്ചു. സമാനമായി അടുത്ത 10 വര്‍ഷത്തേക്ക് ആരൊക്കെ ടീമിന് സംഭാവനകള്‍ നല്‍കുമെന്ന് ഗൗരവമായി ചിന്തിക്കണം' എന്നുമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി നാലാം ഐപിഎല്‍ കിരീടം സിഎസ്‌കെ ഉയര്‍ത്തിയ ശേഷം ധോണിയുടെ വാക്കുകള്‍.
അതേസമയം ക്യാപ്റ്റന്‍സിയില്‍ മിന്നിത്തിളങ്ങിയപ്പോഴും ഈ സീസണില്‍ മോശം പ്രകടനമാണ് ധോണി ബാറ്റിംഗില്‍ പുറത്തെടുത്തത്. സീസണില്‍ 16 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 16.28 മാത്രമെങ്കില്‍ സ്‌ട്രൈക്ക് റേറ്റും(106.54) പരിമിതമാണ്.
'ഒന്നും എളുപ്പമല്ല'; ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്