അശ്വിന്‍-മോര്‍ഗന്‍ വിവാദത്തില്‍ യഥാര്‍ത്ഥ വില്ലന്‍ ദിനേശ് കാര്‍ത്തിക്കെന്ന് സെവാഗ്

താന്‍ പഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോള്‍ അശ്വിന്‍ മാക്സ്‌വെല്ലിനെ പുറത്താക്കിയശേഷം ഗ്രൗണ്ടില്‍ നിന്ന് പൊടിയെടുത്ത് ഊതിയെന്നും തനിക്കത് ഇഷ്ടമായില്ലെങ്കിലും അത് ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്ത കാര്യമായിപ്പോയെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെന്നും സെവാഗ്.

IPL 2021: Dinesh Karthik is the villain in Ashwin-Morgan spat, says Virender Sehwag

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരത്തില്‍ നടന്ന അശ്വിന്‍(Ravichandran Aswhin)-മോര്‍ഗന്‍(Eoin Morgan) വാക്പോരില്‍ യതാര്‍ഥ വില്ലന്‍ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണെന്ന്(Dinesh Karthik) മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). സംഭവത്തെക്കുറിച്ച് മത്സരശേഷം കാര്‍ത്തിക് നടത്തിയ പ്രതികരണമാണ് ഇത് ഇത്രയും വിവാദമാവാന്‍ കാരണമെന്നും സെവാഗ് പറഞ്ഞു.

ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രശ്നക്കാരന്‍ ദിനേശ് കാര്‍ത്തിക്കാണെന്നാണ് എനിക്ക് തോന്നുന്നത്. കളിക്കിടെ മോര്‍ഗന്‍ എന്താണ് അശ്വിനോട് പറഞ്ഞതെന്ന് കാര്‍ത്തിക്ക് പിന്നീട് പരസ്യമാക്കിയില്ലായിരുന്നെങ്കില്‍ ആ വിഷയം അവിടെ തീരുമായിരുന്നു. കളിക്കളത്തില്‍ പലതും നടക്കും. അതെല്ലാം പിന്നീട് വിശദീകരിക്കേണ്ട കാര്യമില്ല. കളിക്കിടെ നടന്ന സാധാരണ വാക് തര്‍ക്കമായി കണ്ട് അതിനെ അവഗണിക്കാമായിരുന്നു. എന്നാല്‍ മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാര്‍ത്തിക്ക് അത് വിശദീകരിച്ച് കുളമാക്കിയെന്നും സെവാഗ് ക്രിക്ക് ബസിനോട് പറഞ്ഞു.

ബാറ്ററുടെ ദേഹത്തു തട്ടി പോയ പന്തില്‍ റണ്ണെടുക്കാന്‍ അശ്വിന്‍ ശ്രമിച്ചതാണ് മോര്‍ഗനെ പ്രകോപിപ്പിച്ചതെന്നും ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്ത കാര്യം മോര്‍ഗന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് തന്‍റേതായ അഭിപ്രായമുണ്ടെങ്കിലും അതിവിടെ പറയുന്നില്ലെന്നും രംഗം ശാന്തമാക്കാന്‍ ഇടപെട്ടത്തില്‍ സന്തോഷവാനാണെന്നും കാര്‍ത്തിക്ക് മത്സരശേഷം വ്യക്തമാക്കിയിരുന്നു.

താന്‍ പഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോള്‍ അശ്വിന്‍ മാക്സ്‌വെല്ലിനെ പുറത്താക്കിയശേഷം ഗ്രൗണ്ടില്‍ നിന്ന് പൊടിയെടുത്ത് ഊതിയെന്നും തനിക്കത് ഇഷ്ടമായില്ലെങ്കിലും അത് ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്ത കാര്യമായിപ്പോയെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെന്നും സെവാഗ് പറഞ്ഞു. പക്ഷെ, ആ സംഭവത്തില്‍ എം എസ് ധോണി അശ്വിനെ വഴക്കു പറഞ്ഞിരുന്നുവെന്നും സെവാഗ് ഓര്‍മിച്ചു.

അശ്വിനെ പിന്തുണച്ചും മോര്‍ഗനെ പരിഹസിച്ചും സെവാഗ്

സംഭവത്തില്‍ അശ്വിനെ പിന്തുണച്ചും മോര്‍ഗനെ പരിഹസിച്ചും സെവാഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. ബാറ്റില്‍ തട്ടി ദിശ മാറിയ പന്തില്‍ റണ്ണിനായി ശ്രമിച്ച അശ്വിന്‍ ക്രിക്കറ്റിന്‍റെ മാന്യത മറന്നുവെന്ന് പറഞ്ഞ മോര്‍ഗന്‍ 2019ലെ ലോകകപ്പ് ഫൈനലില്‍ കിരീടം ഏറ്റുവാങ്ങാതെ ലോര്‍ഡ്സിന് പുറത്ത് ധര്‍ണ ഇരുന്ന ആളാണല്ലോ അല്ലെ എന്ന് സെവാഗ് പരിഹസിച്ചു. അന്ന് ന്യൂസിലന്‍ഡാണല്ലോ ലോകകപ്പ് ജയിച്ചത് അല്ലേ, വലിയ ആളാവാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെയൊന്നും ഗൗനിക്കേണ്ടെന്നും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, താന്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അശ്വിന്‍ ഇന്നലെ വിശദീകരിച്ചിരുന്നു. താന്‍ ക്രിക്കറ്റിന് കളങ്കമെന്ന് ആക്ഷേപിക്കാനുള്ള ധാര്‍മ്മിക അവകാശം ഓയിന്‍ മോര്‍ഗന് ഇല്ലെന്നും അശ്വിന്‍ തുറന്നടിച്ചിരുന്നു.  ചൊവ്വാഴ്ച കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ ഡൽഹി ഇന്നിംഗ്സിന്‍റെ 19ആം ഓവറിലാണ് സംഭവം. നോൺസ്ട്രൈക്കിംഗ് എന്‍ഡിലേക്ക് അടുത്ത റിഷഭ് പന്തിന്‍റെ ദേഹത്ത് തട്ടി ദിശമാറിപ്പോയ പന്തിൽ അശ്വിന്‍ രണ്ടാം റണ്ണിന് ശ്രമിച്ചത് കൊൽക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ പ്രകോപിപ്പിച്ചു.

അടുത്ത ഓവറില്‍ അശ്വിനെ പുറത്താക്കിയ ടിം സൗത്തി ഡൽഹി താരത്തെ പരിഹസിച്ചതോടെ തര്‍ക്കം മുറുകി.കൊൽക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് അശ്വിനെ തിരിച്ചയച്ചത്. പിന്നാലെ മോര്‍ഗന്‍റെ വിക്കറ്റുവീഴ്ത്തിയും അശ്വിന്‍ തിരിച്ചടിച്ചു. മത്സരശേഷം മോര്‍ഗനും വിദേശമാധ്യമങ്ങളും അശ്വിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios