ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 136 റണ്‍സ് വിജയലക്ഷ്യം
സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സടിച്ച് ധവാനും ടോപ് ഗിയറിലായി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡല്‍ഹിയുടെ സ്കോറിംഗിന് ബ്രേക്ക് വീണു.
ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders ) 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കെട്ടിയിട്ടപ്പോള്‍ ഡല്‍ഹി സ്കോര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 27 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിര്‍ണായകമായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടക്കം കരുതലോടെ, നരെയ്നെതിരെ ആഞ്ഞടിച്ച് ധവാന്‍
ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ഡല്‍ഹി നേടിയത്. എന്നാല്‍ ഷാക്കിബിന്‍റെ രണ്ടാം ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും സഹിതം 12 റണ്‍സടിച്ച പൃഥ്വി ഷാ ഡല്‍ഹിക്ക് കുതിപ്പ് നല്‍കി. സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സടിച്ച് ധവാനും ടോപ് ഗിയറിലായി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡല്‍ഹിയുടെ സ്കോറിംഗിന് ബ്രേക്ക് വീണു.
വരിഞ്ഞുകെട്ടി കൊല്‍ക്കത്ത
മധ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും കൊല്‍ക്കത്ത സ്പിന്നര്‍മാരും പേസര്‍മാരും ഡല്‍ഹിയെ വരിഞ്ഞുകെട്ടി. പവര്‍ പ്ലേയില്‍ 38 റണ്‍സടിച്ച ഡല്‍ഹി എട്ടാം ഓവറിലാണ് 50 റണ്‍സ് കടന്നത്. എന്നാല്‍ പിന്നീടുള്ള നാലോവറില്‍ 21 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഇതിനിടെ വണ്‍ഡൗണായി എത്തിയ മാര്‍ക്കസ് സ്റ്റോയ്നിന്‍റെ(18) വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ ധവാനും(36), റിഷഭ് പന്തും(6) വീണതോടെ പതിനാറാം ഓവറില്‍ 92-4ലേക്ക് ഡല്‍ഹി വീണു.
ഹെറ്റ്മെയറുടെ എണ്ണംപറഞ്ഞ രണ്ട് സിക്സറുകള്‍
പതിനെട്ടാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെതിരെ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ നേടിയ രണ്ട് സിക്സുകളാണ് ഡല്‍ഹി സ്കോറിംഗിന് ചെറിയ ഗതിവേഗം പകര്‍ന്നത്. എന്നാല്‍ അടുത്ത ഓവറില്‍ ഹെറ്റ്മെയര്‍(17) റണ്ണൗട്ടായി. ശിവം മാവി എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും സഹിതം 15 റണ്‍സടിച്ച ശ്രേയസ് അയ്യരാണ്(27 പന്തില്‍ 30*) ഡല്‍ഹിയെ 135ല്‍ എത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നാലു വിക്കറ്റെടുത്ത സുനില്‍ നരെയ്ന് ഇന്ന് വിക്കറ്റൊന്നും ലഭിച്ചില്ല.
റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെതിരെ എലിമിനേറ്റര്‍ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങിയത്.
അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യ ക്വാളിഫയര്‍ തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. ചെന്നൈക്കെതിരെ നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞ പേസര്‍ ടോം കറന് പകരം ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് ടീമില്‍ തിരിച്ചെത്തി.
പരിക്കുമൂലും സ്റ്റോയ്നിനിസിന് ഐപിഎല്ലിന്‍റെ യുഎഇ പാദത്തിലെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇന്നത്തെ ക്വാളിഫയര്‍ ജയിക്കുന്ന ടീം 15ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്.
ഐപിഎല്ലിൽ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ വരുന്ന ഇരുപത്തിയൊൻപതാമത്തെ മത്സമാണ് ഇന്നത്തേത്. ഇതുവരെ കളിച്ച 28 മത്സരങ്ങളില്‍ കൊൽക്കത്ത പതിനഞ്ചിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ കളിയിൽ ജയിച്ചു. ഇന്ത്യൻ പാദത്തിൽ ഡൽഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ യുഎഇ പാദത്തിൽ കൊൽക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു.