ടീമിലെടുക്കാത്തവര്‍ക്കുള്ള മറുപടിയോ, സൂര്യകുമാറിന്‍റെ ആംഗ്യം ചര്‍ച്ചയാക്കി ആരാധകര്‍
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും സൂര്യകുമാറിനെ ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിട്ടില്ല.
അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ മുംബൈയെ വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയെ 79 റണ്‍സടിച്ച് പുറത്താകാതെ നിന്ന സൂര്യകുമാര്‍ ഒറ്റക്ക് ചുമലിലേറ്റി. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്.
ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞ് മുംബൈ സമ്മര്‍ദ്ദത്തിലായപ്പോഴും ക്രീസില്‍ അചഞ്ചലനായി നിന്ന സൂര്യകുമാര്‍ മത്സരത്തിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി കാണിച്ച ആംഗ്യം ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പേടിക്കേണ്ട, ഞാനില്ലേ എന്ന സൂര്യകുമാറിന്‍റെ ആംഗ്യം പുറത്തുവിട്ടത്.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും സൂര്യകുമാറിനെ ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായിട്ടില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സൂര്യകുമാറിന് പകരം മനീഷ് പാണ്ഡെക്കാണ് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയത്.
ഇതിന് തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സൂര്യകുമാര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മറുപടി നല്‍കിയത്.