പേസര്‍മാര്‍ പണി തുടങ്ങി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം
ശുഭ്മാന്‍ ഗില്‍ (9), രാഹുല്‍ ത്രിപാദി (13), ദിനേശ് കാര്‍ത്തിക് (3) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ആന്റിച്ച് നോര്‍ജെ രണ്ടും കഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.
അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ മൂന്നിന് 57 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (9), രാഹുല്‍ ത്രിപാദി (13), ദിനേശ് കാര്‍ത്തിക് (3) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. നിതീഷ് റാണ (17), സുനില്‍ നരെയന്‍ (13) എന്നിവരാണ് ക്രീസില്‍. ആന്റിച്ച് നോര്‍ജെ രണ്ടും കഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഗില്ലിന് നഷ്ടമായി. നോര്‍ജയുടെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി. പിന്നീട് ക്രീസിലെത്തിയത് ത്രിപാദി. ശ്രദ്ധയോടെ തുടങ്ങിയെങ്കിലും നോര്‍ജെയുടെ പന്തില്‍ വിക്കറ്റ് തെറിച്ചു. ആറ് പന്തുകള്‍ മാത്രം നേരിട്ട കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. ഡല്‍ഹിയുടെ ഓപ്പണിംഗ് സ്ഥാനത്ത് പൃഥ്വി ഷായ്ക്ക് പകരം അജിന്‍ക്യ രഹാനെ കളിക്കും. ഡാനിയേല്‍ സാമിന് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. കൊല്‍ക്കത്ത നിരയിലും രണ്ട് മാറ്റമുണ്ട്. ടോം ബാന്റണ്‍ പുറത്തായപ്പോള്‍ സുനില്‍ നരെയ്ന്‍ തിരിച്ചെത്തി. കുല്‍ദീപിന് പകരം നാഗര്‍കോട്ടിയേയും ഉള്‍പ്പെടുത്തി.
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് തോറ്റ ഡല്‍ഹി വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുക. കൊല്‍ക്കത്തയും കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തകര്‍ന്നടിഞ്ഞിരുന്നു. 10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ. പഞ്ചാബും ഹൈദരാബാദും ഇഞ്ചോടിഞ്ച് പൊരുതുന്നതിനാല്‍ കൊല്‍ക്കയുടെ നില ഭദ്രമല്ല. ഡല്‍ഹി ഇത്രയും മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഡല്‍ഹി കാപിറ്റല്‍സ്: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആന്റിച്ച് നോര്‍ജെ, മാര്‍കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, തുഷാര്‍ ദേശ്പാണ്ഡെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, രാഹുല്‍ ത്രിപദി, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസണ്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.