തലയറുത്ത് കമിന്‍സ്; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് കൂട്ടത്തകര്‍ച്ച

സ്റ്റോക്സ് പുറത്തായശേഷമെത്തിയ സഞ്ജു ആദ്യ പന്തില്‍ സിംഗിള്‍ നേടി. ശിവം മാവി എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങി

IPL 2020 KKR vs RR Live Updates RR lost 5 wickets in powerplay

ദുബായ്: ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും സഞ്ജു സാംസണിന്‍റെ വിക്കറ്റെടുത്ത ശിവം മാവിയുമാണ് രാജസ്ഥാനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.  കൊല്‍ക്കത്തക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ രാഹുല്‍ തിവാട്ടിയയും ഒമ്പത് റണ്‍സുമായി ജോസ് ബട്‌ലറും ക്രീസില്‍.

തകര്‍ത്തടിച്ച് തുടങ്ങി പിന്നെ കൂട്ടത്തകര്‍ച്ച

പാറ്റ് കമിന്‍സിന്‍റെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് റോബിന്‍ ഉത്തപ്പ തുടങ്ങിയത്. ആ ഓവറില്‍ സ്റ്റോക്സും കമിന്‍സിനെ സിക്സിനും ഫോറിനും പറത്തിയതോടെ രാജസ്ഥാന്‍ സ്കോര്‍ കുതിച്ചു. എന്നാല്‍ മധുരപ്രതികാരമെന്നോണം ഓവറിലെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പയെ ബൗണ്ടറിയില്‍ കമലേഷ് നാഗര്‍കോട്ടിയുടെ കൈകകളിലെത്തിച്ച് കമിന്‍സ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവറില്‍ 19 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ എട്ട് റണ്‍സെ രാജസ്ഥാന് നേടാനായുള്ളു. ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയിട്ടും രണ്ടാം ഓവര്‍ എറിയാനെത്തിയ കമിന്‍സ് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. കമിന്‍സിന്‍റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ ദിനേശ് കാര്‍ത്തിക് വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചു. 11 പന്തില്‍ 18 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സമ്പാദ്യം.ആ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ(4) ബൗള്‍ഡാക്കി കമിന്‍സ് അടുത്ത പ്രഹരമേല്‍പ്പിച്ചു.

 

നിരാശയായി സഞ്ജു

സ്റ്റോക്സ് പുറത്തായശേഷമെത്തിയ സഞ്ജു ആദ്യ പന്തില്‍ സിംഗിള്‍ നേടി. ശിവം മാവി എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങി. നാലു പന്തില്‍ ഒരു റണ്‍സായിരുന്നു സഞ്ജുവിന്‍റെ നേട്ടം.

പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ കമിന്‍സ് അവസാന പന്തില്‍ റിയാന്‍ പരാഗിനെ(0) ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് രാജസ്ഥാന്‍റെ തകര്‍ച്ച പൂര്‍ണമാക്കി. പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios