നരെയ്‌ന്‍ നായാട്ട്, റാണയുടെ റണ്‍മഴ; കൊല്‍ക്കത്തയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍

കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. 

IPL 2020 KKR vs DC Live Updates kkr big total

അബുദാബി: ഐപിഎല്ലില്‍ സുനില്‍ നരെയ്‌ന്‍റെ ശക്തമായ തിരിച്ചുവരവില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 194 റണ്‍സ് നേടി. കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. 

കൊല്‍ക്കത്തയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കിയിരുന്നു ഡല്‍ഹി പേസര്‍ ആന്‍റിച്ച് നോര്‍ജെ. രണ്ടാം ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്‍ അക്ഷാറിന്‍റെ കൈകളില്‍. എട്ട് പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമേ ഗില്ലിനുണ്ടായിരുന്നുള്ളൂ. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠിയെയും നോര്‍ജെ തന്നെ മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ ത്രിപാഠി ബൗള്‍ഡാവുകുമ്പോള്‍ കൊല്‍ക്കത്തയ്‌ക്ക് 35 റണ്‍സ് മാത്രം. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ദിനേശ് കാര്‍ത്തിക്കും(3) വീണു. വിക്കറ്റ് കാഗിസോ റബാഡയ്‌ക്ക്. 

പിന്നെക്കണ്ടത് റാണയെ കൂട്ടുപിടിച്ച് നരെയ്‌ന്‍ താണ്ഡവമാടുന്നത്. സീസണില്‍ കേട്ട എല്ലാ പഴികളും തച്ചുതകര്‍ത്ത ഇന്നിംഗ്‌സ്. നരെയ്‌ന്‍ അടി തുടങ്ങിയതോടെ റാണയും ട്രാക്കിലായി. ഇരുവരുടെയും കൂട്ടുകെട്ട് 17-ാം ഓവറിലെ നാലാം പന്തുവരെ നീണ്ടുനിന്നു. നരെയ്‌നെ, രഹാനെയുടെ കൈകളിലെത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം നരെയ്‌ന്‍ നേടിയത് 64 റണ്‍സ്. സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ അവസാന പന്തുകളില്‍ റാണയും മോര്‍ഗനും പുറത്തായി. റാണയ്‌ക്ക് 53 പന്തില്‍ 81 റണ്‍സും മോര്‍ഗന് 9 പന്തില്‍ 17 റണ്‍സുമുണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios