അവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; സഞ്ജു- സ്റ്റോക്‌സ് സഖ്യത്തെ പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ ഇന്നിങ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം 60 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബെന്‍ സ്റ്റോക്‌സിനേയും സഞ്ജു സാംസണേയും പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ. മത്സരശേഷം സംസാരിക്കുകയായിരുന്നു ഹാര്‍ദിക്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ ഇന്നിങ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം 60 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ 20-25 റണ്‍സ് ടീം കൂടുതല്‍ നേടിയതെന്ന് ഹാര്‍ദിക് അവകാശപ്പെട്ടു. എന്നാല്‍ ആ രണ്ട് താരങ്ങള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് സ്റ്റോക്‌സിനേയും സഞ്ജുവിനേയും ചൂണ്ടികാണിച്ചുകൊണ്ട് ഹാര്‍ദിക് വ്യക്തമാക്കി. ''എല്ലാ അര്‍ത്ഥത്തിലും മികച്ച ഇന്നിങ്‌സാണ് മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തത്. എന്നാല്‍ സ്റ്റോക്‌സ്- സഞ്ജു സഖ്യം മത്സരം തട്ടിയെടുത്തു. ഗംഭീര പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. പല ഷോട്ടുകളും ഞങ്ങളെ ഞെട്ടിച്ചു. വിജയത്തില്‍ എല്ലാ ക്രഡിറ്റും സഞ്ജുവിനും സ്‌റ്റോക്‌സിനുമാണ്. സംശമൊന്നുമില്ല. ചില സമയങ്ങളില്‍ നിങ്ങള്‍ എതിരാളികള്‍ക്ക് കൂടി ക്രെഡിറ്റ് കൊടുക്കണം. അവരാണ് ഈ മത്സരത്തില്‍ തകര്‍ത്തടിച്ചത്. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ഭാഗ്യവും അവര്‍ക്കൊപ്പമായിരുന്നു. പന്ത് ടോപ് എഡ്ജിലും ഇന്‍സൈഡ്-ഔട്ട്സൈഡ് എഡ്ജിലും തട്ടി വരെ ബൗണ്ടറിയിലേക്ക് പോയി. പരമാവധി 170 റണ്‍സ് അടിക്കാന്‍ സാധിക്കുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ആ സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളിച്ചത്. എന്നാല്‍ 25 റണ്‍സ് കൂടുതലായി ടീമിന് ലഭിച്ചു. അത് ജയിക്കാന്‍ ധാരാളമായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അവരുടെ കൂട്ടുകെട്ട് താളം തെറ്റിച്ചു.'' പാണ്ഡ്യ പറഞ്ഞുനിര്‍ത്തി.
മത്സരത്തില്‍ സഞ്ജു- സ്റ്റോക്‌സ കൂട്ടുകെട്ട് 152 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ടീം ജയം നേടുകയും ചെയ്തു. സ്റ്റോക്സ് 107 റണ്‍സുമായും സഞ്ജു 54 റണ്‍സുമായും പുറത്താവാതെ നിന്നു. സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്.