'രഹാനെയെ കണ്ടെങ്കിലും രാഹുല്‍ പഠിച്ചെങ്കില്‍', വിമര്‍ശനവുമായി മുന്‍ താരം
കഴിഞ്ഞ ദിവസം മുന്‍ താരം വെങ്കിടേഷ് പ്രസാദ് രാഹുലിന്‍റെ ബാറ്റിംഗ് സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരമായ ദൊഡ്ഡ ഗണേഷും രാഹുലിന്‍റെ മെല്ലെപ്പോക്കിനെ പരിഹസിച്ച് രംഗത്തെത്തി.
ഹൈദരാബാദ്: ഐപിഎല്ലില്‍ ബാറ്റിംഗിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അനായാസം ജയിക്കാമായിരുന്ന കളി കൈവിട്ടതോടെ രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടുകയും ചെയ്തു. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ തകര്‍ത്തടിക്കുകയാണ് അജിങ്ക്യാ രഹാനെ. രാഹുലിനെപ്പോലെ ക്ലാസിക് ശൈലിയിലുള്ള ബാറ്ററായ രഹാനെ ചെന്നൈയിലെ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത പോലും വര്‍ധിപ്പിക്കുമ്പോള്‍ രാഹുല്‍ ഇപ്പോഴും മുട്ടിക്കളി തുടരുകയാണ്.
കഴിഞ്ഞ ദിവസം മുന്‍ താരം വെങ്കിടേഷ് പ്രസാദ് രാഹുലിന്‍റെ ബാറ്റിംഗ് സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരമായ ദൊഡ്ഡ ഗണേഷും രാഹുലിന്‍റെ മെല്ലെപ്പോക്കിനെ പരിഹസിച്ച് രംഗത്തെത്തി. മനോഭാവം മാറ്റിയാല്‍ അത്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് രഹാനെ തന്‍റെ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും തെളിയിക്കുന്നു. എന്നാല്‍ കെ എല്‍ രാഹുലിന് മാത്രം ഇതൊന്നും മനസിലാവുന്നില്ലെന്നായിരുന്നു ദൊഡ്ഡ ഗണേഷിന്‍റെ ട്വീറ്റ്.
ഐപിഎല്‍ പതിനാറാം സീസണില്‍ 37.42 ശരാശരിയില്‍ 262 റണ്‍സടിച്ചുവെങ്കിലും രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 113.91 മാത്രമാണ്. ഗുജറാത്തിനെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിനായി 61 പന്തില്‍ 68 റണ്‍സെടുത്ത് രാഹുല്‍ ടോപ് സ്കോററാവുകയും അവസാന ഓവര്‍ വരെ ക്രീസില്‍ നില്‍ക്കുകയും ചെയ്തിട്ടും ലഖ്നൗവിനെ ജയിപ്പിക്കാനാവാതിരുന്നതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.
രാഹുല്‍ ഇതാദ്യമായാല്ല ഇങ്ങനെ തുഴഞ്ഞ് തോല്‍പ്പിക്കുന്നത് എന്ന് വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. മുമ്പ് പഞ്ചാബ് കിംഗ്സിലായിരുന്നപ്പോഴും അനായാസം ജയിക്കാമായിരുന്ന കളി രാഹുല്‍ തുഴഞ്ഞ് തോല്‍പ്പിച്ചിട്ടുണ്ടെന്ന് പ്രസാദ് ട്വിറ്ററില്‍ കുറിച്ചിരുന്നു.