ധോണി എന്നെ റണ്ണൗട്ടാക്കി എന്നു പറയുന്നതില്‍ അഭിമാനം; തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് താരം
ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് മത്സരശേഷം ജുറെല്‍ പറഞ്ഞിരുന്നു. ധോണിക്കൊപ്പം കളിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തില്‍ കളം നിറഞ്ഞത് രാജസ്ഥാന്‍റെ യുവതാരങ്ങളായിരുന്നു. ആദ്യം തകര്‍ത്തടിച്ച യശസ്വി ജയ്സ്വാള്‍ രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ ഒടുക്കം തകര്‍ത്തടിച്ച യുവതാരം ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും രാജസ്ഥാനെ 200 കടത്തുന്നതില്‍ നിര്‍മായക പങ്കുവഹിച്ചു. യശസ്വി 43 പന്തില്‍ 77 റണ്‍സടിച്ചപ്പോള്‍ ജൂറെല്‍ 15 പന്തില്‍ മൂന്ന് റോഫും രണ്ട് സിക്സും പറത്തി 34 റണ്‍സെടുത്ത് റണ്ണൗട്ടായപ്പോള്‍ പടിക്കല്‍ 13 പന്തില്‍ 27ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്ന് രാജസ്ഥാന്‍ ടോട്ടലിലേക്ക് നിര്‍ണായക സംഭാവന നല്‍കി. രാജസ്ഥാന്‍ ഇന്നിംഗ്സിലെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ബൈ റണ്ണോടാന്‍ ശ്രമിച്ച ജൂറെലിനെ ധോണി വികറ്റിന് പിന്നില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.
ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് മത്സരശേഷം ജുറെല്‍ പറഞ്ഞിരുന്നു. ധോണിക്കൊപ്പം കളിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ധോണിയുടെ കളി കണ്ട വളര്‍ന്ന എനിക്ക് ധോണിക്കൊപ്പം മത്സരത്തില്‍ കളിക്കാനായി എന്നതും അദ്ദേഹം വിക്കറ്റ് കീപ്പറായിരിക്കുന്ന മത്സരത്തില്‍ ബാറ്ററായി അദ്ദേഹത്തിന് മുന്നില്‍ ക്രീസില്‍ നില്‍ക്കാനായി എന്നതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും പ്രചോദനമാണ്. കാരണം, അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരിക്കുകയാണല്ലോ.
അതുപോലെ ധോണിയുടെ ത്രോയില്‍ റണ്ണൗട്ടായതിലും അഭിമാനമെയുള്ളു. കാരണം ഒരു ഇരുപതു വര്‍ഷം കഴിഞ്ഞ് ഞാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്‍റെ സ്കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ എനിക്ക് പറയാമല്ലോ, ധോണി സാറാണ് എന്നെ റണ്ണൗട്ടാക്കിയതെന്ന്. അതില്‍ എനിക്ക് അഭിമാനമുണ്ട്. എനിക്ക് അത് മതിയെന്നും ജുറെല്‍ പറഞ്ഞു.