'എന്തായാലും ബാറ്റിംഗിനിറങ്ങി, എന്നാല്‍ പിന്നെ നേരത്തെ ആയിക്കൂടെ', രാഹുലിനെതിരെ വിമര്‍ശനവുമായി ഓസീസ് പരിശീലകന്‍
ബാറ്റിംഗിനിറങ്ങാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തിനാണ് ഒമ്പതാം വിക്കറ്റ് വീഴുന്നതുവരെ രാഹുല്‍ കാത്തിരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഇറങ്ങുന്നെങ്കില്‍ മധ്യനിരയില്‍ ഇറങ്ങാമായിരുന്നു. ഓടാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നോ നാലോ ബൗണ്ടറി അടിച്ച് 12-20 റണ്‍സ് നേടാനായിരുന്നെങ്കില്‍ അത് വലിയ മാറ്റം ഉണ്ടാക്കിയേനെ.
ലഖ്നൗ:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന്‍റെ തുടക്കത്തിലെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ പതിനൊന്നാമനായി ബാറ്റിംഗിനിറങ്ങിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായിരുന്നില്ല. 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായവുകയായിരുന്നു. പതിനഞ്ചാം ഓവറില്‍ രവി ബിഷ്ണോയി പുറത്താവുമ്പോള്‍ ലഖ്നൗവിന് അവസാന അഞ്ചോവറില്‍ 50 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
ബിഷ്ണോയി പുറത്തായപ്പോള്‍ മുതല്‍ പാഡണിഞ്ഞ് തയാറായി നിന്നെങ്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് പകരം നവീന്‍ ഉള്‍ ഹഖാണ് ലഖ്നൗവിനായി ക്രീസിലെത്തിയത്. നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും റണ്‍സടിക്കാന്‍ പാടുപെട്ടതോടെ പിന്നീടുള്ള നാലോവറില്‍ ലഖ്നൗവിന് നേടാനായത് വെറും 18 റണ്‍സായിരുന്നു. ഇതില്‍ നവീന്‍ ഉള്‍ ഹഖിന്‍റെ രണ്ട് ബൗണ്ടറികളും അമിത് മിശ്രയുടെ ഒരു ബൗണ്ടറിയും ഒഴിച്ചു നിര്‍ത്തിയാല്‍ ഇരുവരും കൂടുതലും ഡോട്ട് ബോളുകളായിരുന്നു കളിച്ചത്.
ഈ സമയമെല്ലാം രാഹുല്‍ പാഡണിഞ്ഞ് ബാറ്റിംഗിന് തയാറായി നില്‍ക്കുകയായിരുന്നു. ഒടുവില്‍ പത്തൊമ്പാതാം ഓവറിലെ നാലാം പന്തില്‍ നവീന്‍ ഉള്‍ ഹഖ് പുറത്തായതോടെയാണ് രാഹുല്‍ ക്രീസിലെത്തിയത്. ഹേസല്‍വുഡിന്‍റെ ഓവറിലെ അവസാന രണ്ട് പന്തില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന രാഹുല്‍ തൊട്ടടുത്ത ഓവറില്‍ അമിത് മിശ്രക്ക് സ്ട്രൈക്ക് നല്‍കി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അമിത് മിശ്ര ഒരു ബൗണ്ടറി അടിച്ചെങ്കിലും അഞ്ചാം പന്തില്‍ പുറത്തായി. ഇതിനിടെ രാഹുലിന് സ്ട്രൈക്ക് ലഭിച്ചതുമില്ല. പരിക്ക് അവഗണിച്ചും പതിനൊന്നാമനായി ബാറ്റിംഗിനിറങ്ങാനുള്ള രാഹുലിന്‍റെ പ്രതിബദ്ധതയെ എല്ലാവരും പുകഴ്ത്തുമ്പോള്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി.
അസഹ്യമായ വേദനയില്‍ പുളഞ്ഞ് കെ എല്‍ രാഹുൽ; നീറുന്ന അവസ്ഥയിലും വഴക്ക് ഒഴിവാക്കാൻ ശ്രമം, കയ്യടി; വീഡിയോ
ബാറ്റിംഗിനിറങ്ങാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തിനാണ് ഒമ്പതാം വിക്കറ്റ് വീഴുന്നതുവരെ രാഹുല്‍ കാത്തിരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഇറങ്ങുന്നെങ്കില്‍ മധ്യനിരയില്‍ ഇറങ്ങാമായിരുന്നു. ഓടാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നോ നാലോ ബൗണ്ടറി അടിച്ച് 12-20 റണ്‍സ് നേടാനായിരുന്നെങ്കില്‍ അത് വലിയ മാറ്റം ഉണ്ടാക്കിയേനെ. അതുകൊണ്ട് അവന്‍റെ പരിക്ക് വഷളാവാനും സാധ്യതയില്ല. പക്ഷെ പതിനൊന്നാമനായി ക്രീസിലെത്തിയത് ഒരുപക്ഷെ അഭിമാനം സംരക്ഷിക്കാനാണെന്നാണ് എനിക്ക് തോന്നിയത്. ക്യാപ്റ്റനെന്ന നിലയിലും ടീം എന്ന നിലയിലുമുള്ള അഭിമാനം നിലനിര്‍ത്താനായിട്ടായിരിക്കാം രാഹുല്‍ പതിനൊന്നാമനായി ഇറങ്ങിയതെന്നും ടോം മൂഡി ക്രിക് ഇന്‍ഫോയോട് പറഞ്ഞു. അതേസമയം, കെ എല്‍ രാഹുലിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.