ഗ്യാസ് സിലിണ്ടറും ചുമന്ന് വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്, കഷ്ടപ്പാടിന്‍റെ നാളുകളെക്കുറിച്ച് റിങ്കു സിംഗ്
സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല തന്‍റെ കുടുംബമെന്ന് റിങ്കു സിംഗ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അച്ഛന് ഗ്യാസ് സിലണ്ടര്‍ ഡെലിവറി ആയിരുന്നു ജോലി.
അഹമ്മദാബാദ്: ഐപിഎല്ലിലെ എക്കാലത്തെയും വലിയ അവസാന ഓവര്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവിശ്വസനീയ ജയം സ്വന്തമാക്കിയപ്പോള്‍ ഉദിച്ചുയര്‍ന്നത് റിങ്കു സിംഗ് എന്ന പുതിയ താരമായിരുന്നു. യാഷ് ദയാലിന്‍റെ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സും അവസാന അഞ്ച് പന്തില്‍ 28 റണ്‍സും വേണ്ടപ്പോള്‍ റിങ്കു പറത്തിയ എണ്ണം പറഞ്ഞ അഞ്ച് സിക്സുകള്‍ ചെന്ന് വീണത് ആരാധകരുടെ ഹൃദയത്തിലേക്കും ഒപ്പം ഐപിഎല്‍ ചരിത്രത്തിലേക്കുമായിരുന്നു.
എന്നാല്‍ ഒറ്റ ദിവസത്തെ അത്ഭുതമല്ല താനെന്ന് തുറന്നു പറയുകയാണ് റിങ്കു സിംഗ്. കഠിനപാതകള്‍ താണ്ടി പ്രതിസന്ധികളുടെ ബൗണ്ടറികളെ ഭേദിച്ചാണ് റിങ്കു ഇവിടെവരെ എത്തിയത്. അഞ്ച് സിക്സ് അടിച്ചതോടെ സൂപ്പര്‍ താരമായപ്പോഴും ഇന്ത്യന്‍ ടീം എന്ന സ്വപ്നത്തെക്കുറിച്ചല്ല ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടം നടത്തണമെന്നതുമാത്രമാണ് റിങ്കുവിന്‍റെ ലക്ഷ്യം.
സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല തന്‍റെ കുടുംബമെന്ന് റിങ്കു സിംഗ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അച്ഛന് ഗ്യാസ് സിലണ്ടര്‍ ഡെലിവറി ആയിരുന്നു ജോലി. വര്‍ഷങ്ങളോളം ഞാനും ചേട്ടനും കൂടി അച്ഛനൊപ്പം ഗ്യാസ് സിലിണ്ടറും ചുമന്ന് വീടുകള്‍ തോറും കയറി ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ക്രിക്കറ്റ് താരമൊക്കെ ആയപ്പോള്‍ അച്ഛനോട് ജോലിക്ക് പോവേണ്ടെന്ന് പറഞ്ഞെങ്കിലും 30 വര്‍ഷമായി തുടരുന്ന ജോലി നിര്‍ത്താന്‍ അദ്ദേഹം തയാറല്ല.
കൗമാരകാലത്ത് ഞാനും ചേട്ടനും കൂടിയാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഞാന്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ അമ്മയാണ് എല്ലാ പിന്തുണയും നല്‍കിയത്. എന്തെങ്കിലും ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാനായിരുന്നു അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നത്.ചേട്ടന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ജീവിച പ്രാരബ്ധങ്ങളിലേക്ക് കടന്നപ്പോള്‍ ക്രിക്കറ്റിനെ പ്രഫഷണാക്കി കൊണ്ടുപോകാന്‍ എനിക്കായി. ഗുജറാത്തിനെതിരെ കളിച്ച ഇന്നിംഗ്സ് ആയിരിക്കുമോ കരിയറില്‍ വഴിത്തിരിവെന്ന ചോദ്യത്തിന് അതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നും റിങ്കു പറഞ്ഞു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസണിലും റിങ്കു സമാനമായൊരു വെടിക്കെട്ട് ഇന്നിംഗ്സ് കളിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 15 പന്തില്‍ 40 റണ്‍സടിച്ചെങ്കിലും രണ്ട് റണ്‍സിന് കൊല്‍ക്കത്ത തോറ്റു. എന്നാല്‍ തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് ഇത്തവണ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതോടെ കൊല്‍ക്കത്ത ടീമിലെ പുതിയ താരോദയമായും റിങ്കു മാറി.