പവര്‍ പ്ലേ ബൗളിംഗ്; സിറാജിന്‍റെ തട്ട് താണു തന്നെ നില്‍ക്കും, ഇതാ അമ്പരപ്പിക്കുന്ന കണക്കുകള്‍
13 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സിറാജിന്‍റെ പവര്‍ പ്ലേ ബൗളിംഗിലെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്.
ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടര്‍ ജയങ്ങളുമായി മുന്നേറുമ്പോള്‍ അതിന്‍റെ അമരക്കാരനായി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും മുന്‍ നായകനും ഇപ്പോഴത്തെ താല്‍ക്കാലിക നായകനുമായ വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും എല്ലാമുണ്ടാകും. എന്നാല്‍ ഇവരെക്കാളൊക്കെ വിലമതിക്കാനാവാത്ത പ്രകടനം പുറത്തെടുക്കുന്മ മറ്റൊരു താരം ആര്‍സിബി കുപ്പായത്തിലുണ്ടെങ്കില്‍ അത് മുഹമ്മദ് സിറാജ് ആയിരിക്കും.
13 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സിറാജിന്‍റെ പവര്‍ പ്ലേ ബൗളിംഗിലെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ഏതാനും സീസണുകള്‍ക്ക് മുമ്പ് വരെ റണ്‍സേറെ വഴങ്ങുന്നിനാല്‍ ആരാധകര്‍ പോലും ചെണ്ടയെന്ന് വിളിച്ച് കളിയാക്കിയരുന്ന സിറാജാണ് ഈ ഐപിഎല്ലില്‍ പവര്‍ പ്ലേയില്‍ ഒറ്റ സിക്സ് പോലും വഴങ്ങാതെ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍.
96 പന്തുകളാണ് സിറാജ് പവര്‍ പ്ലേയില്‍ ഒറ്റ സിക്സ് പോലും വഴങ്ങാതെ ഇത്തവണ ഐപിഎല്ലില്‍ എറിഞ്ഞത്. രണ്ടാം സ്ഥാനത്തും ആര്‍സിബി പേസറാണ്. ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലി. പക്ഷെ വില്ലി പവര്‍ പ്ലേയില്‍ സിക്സ് വഴങ്ങാതെ എറിഞ്ഞത് 42 പന്തുകളാണ്. മൂന്നാം സ്ഥാനത്ത് പഞ്ചാബ് കിംഗ്സിന്‍റെ നഥാന്‍ എല്ലിസാണ്. 30 പന്തുകള്‍. ഇഷാന്ത് ശര്‍മയും പവര്‍ പ്ലേയില്‍ 30 പന്തുകളില്‍ സിക്സ് വഴങ്ങിയിട്ടില്ല. ഈ സീസണില്‍ പവര്‍ പ്ലേയില്‍ 4.87 ഇക്കോണമിയില്‍ ഏഴ് വിക്കറ്റാണ് സിറാജ് എറിഞ്ഞിട്ടത്.
കഴിഞ്ഞ സീസണില്‍ സിറാജ് നിറം മങ്ങിയത് ആര്‍സിബിക്ക് തിരിച്ചടിയായിരുന്നു, 15 കളികളില്‍ ഒമ്പത് വിക്കറ്റ് മാത്രം നേടിയ സിറാജ് 30 സിക്സുകളും വിട്ടുകൊടുത്തു. 10.08 ആയിരുന്നു സിറാജിന്‍റെ ഇക്കോണമി. എന്നാല്‍ ഇതിനുശേഷം ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറായ സിറാജ് ഈ സീസണില്‍ 15.46 ശരാശരിയിലും 7.17 ഇക്കോണമിയിലുമാണ് 13 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.
കളിക്കിടെ ചൂടായതിന് സഹതാരത്തോട് മാപ്പു പറഞ്ഞ് മുഹമ്മദ് സിറാജ്-വീഡിയോ
ഈ ഐപിഎല്ലില്‍ ഏറ്റവു കൂടുതല്‍ ഡോട്ട് ബോളെറിഞ്ഞ ബൗളറും മുഹമ്മദ് സിറാജാണ്. 89 ഡോട്ട് ബോളുകളാണ് സിറാജ് ഇതുവരെ എറിഞ്ഞത്. 74 ഡോട്ട് ബോളുകളുമായി മുഹമ്മദ് ഷമിയാണ് രണ്ടാമത്. 66 ഡോട്ട് ബോളുകളെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ട് ആണ് മൂന്നാമത്. 65 ഡോട്ട് ബോളുകളുമായി അര്‍ഷ്ദീപ് സിംഗ് നാലാം സ്ഥാനത്തുണ്ട്.
ഐപിഎല്ലില്‍ ബൗളര്‍മാരുടെ ശവപ്പറമ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്ന സ്വാമി സ്റ്റേഡിയത്തിലെ സിറാജിന്‍റെ ഇതുവരെയുള്ള ബൗളിംഗ് പ്രകടനങ്ങള്‍ 21/1, 22/3, 30/1, 39/1 എന്നിങ്ങനെയാണ്. സ്വാഭാവിക പേസും മരണ യോര്‍ക്കര്‍ എറിയാനുള്ള കഴിവുമാണ് സിറാജിനെ ഇത്തവണ വ്യത്യസ്തനാക്കുന്നതെന്ന് ഓസീസ പേസ് ഇതിഹാസം ബ്രെറ്റ് ലീ പറയുന്നു.