പഞ്ചാബിന്‍റെ കാറ്റൂരിവിട്ടത് ഡല്‍ഹി, പക്ഷെ സന്തോഷിക്കുന്നത് രാജസ്ഥന്‍ ഉള്‍പ്പെടെ 4 ടീമുകള്‍
പഞ്ചാബ് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അവസാന മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ 16 പോയന്‍റുമായി അനായാസം പ്ലേ ഓഫിലെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്നലെ പഞ്ചാബ് തോറ്റതോടെ ഇനി അവര്‍ക്ക് പരമാവധി നേടാനാവുക 14 പോയന്‍റാണ്.
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നഷ്ടമായെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും വമ്പന്‍മാരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കുമോ എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരം ഇന്നലെ കിട്ടി. അവശേഷിക്കുന്ന രണ്ട് കളിയും ജയിച്ചാല്‍ 16 പോയന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന പഞ്ചാബിന്‍റെ കാറ്റൂരി വിട്ട് ഡല്‍ഹി വിജയവുമായി മടങ്ങിയപ്പോള്‍ ഡല്‍ഹിയെക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള നാലു ടീമുകളാണ്.
പഞ്ചാബ് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അവസാന മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ 16 പോയന്‍റുമായി അനായാസം പ്ലേ ഓഫിലെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്നലെ പഞ്ചാബ് തോറ്റതോടെ ഇനി അവര്‍ക്ക് പരമാവധി നേടാനാവുക 14 പോയന്‍റാണ്. അതും അവസാന മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം. മുംബൈ അവസാന മത്സരം തോല്‍ക്കുകയും ബാംഗ്ലൂര്‍ ബാക്കിയുള്ള രണ്ട് കളികളിലൊന്ന് തോല്‍ക്കുകയും രാജസ്ഥാനും കൊല്‍ക്കത്തയും അവസാന മത്സരങ്ങളില്‍ ജയിക്കുകയും ചെയ്താല്‍ നാലു മുതല്‍ എട്ടുവരെയുള്ള ടീമുകള്‍ക്ക് 14 പോയന്‍റ് വീതമാകും. ഈ ഘട്ടത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റ് രാജസ്ഥാന് ഗുണകരമാകും.
രാജസ്ഥാന് പുറമെ ആര്‍സിബിയ്ക്കും മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ഇന്നലത്തെ ഡല്‍ഹിയുടെ വിജയം ആശ്വാസമാണ്. കാരണം, അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മുംബൈക്ക് കൂട്ടലും കിഴിക്കലുമൊന്നുമില്ലാതെ പ്ലേ ഓഫ് ഉറപ്പിക്കാമെങ്കിലും ഇന്നലെ പഞ്ചാബ് ജയിക്കുകയും അവസാന മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമായിരുന്നു. ഇന്നലെ പഞ്ചാബ് ജയിച്ച് അവസാനമ മത്സരത്തില്‍ രാജസ്ഥാനെയും തോല്‍പ്പിച്ച് 16 പോയന്‍റ് നേടുകയും മുംബൈ അവസാന കളി തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തേക്ക് പോകേണ്ടിവരും. ഇന്നലത്തെ പഞ്ചാബിന്‍റെ തോല്‍വിയോടെ അത്തരമൊരു സാഹചര്യം മുംബൈ ഒഴിവാക്കി.
ആര്‍സിബിയെ സംബന്ധിച്ചിടത്തോളവും സമാനമാണ് അവസ്ഥ. അവസാന രണ്ട് കളികളും ജയിച്ചാല്‍ 16 പോയന്‍റുമാി പ്ലേ ഓഫ് ഉറപ്പിക്കാം. പക്ഷെ ഇന്ന് ഹൈദരാബാദിനോടോ അവസാന മത്സരത്തില്‍ ഗുജറാത്തിനോടോ തോറ്റാല്‍ 14 പോയന്‍റെ ആര്‍സിബിക്ക് നേടാനാവു. ഈ സാഹചര്യത്തില്‍ പഞ്ചാബ് അവസാന മത്സരം ജയിച്ചാലും 14 പോയന്‍റേ ലഭിക്കുവെന്നതിനാല്‍ നെറ്റ് റണ്‍ റേറ്റില്‍ ഏറെ മുന്നിലുള്ള ആര്‍സിബിക്ക് അവരെ പിന്നിലാക്കാനാവും.
കൊല്‍ക്കത്തക്കും രാജസ്ഥാന്‍റെ സമാന അവസ്ഥയാണ്. ലഖ്നൗവിനെതിരായ അവസാന മത്സരം ജയിച്ചാല്‍ അവര്‍ക്ക് 14 പോയന്‍റ് നേടാം. രാജസ്ഥാന്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും മുംബൈ അവസാന മത്സരം തോല്‍ക്കുകയും ആര്‍സിബി ഇനിയുള്ള രണ്ട് കളികളില്‍ ഒന്ന് തോല്‍ക്കുകയും ചെയ്താല്‍ അവര്‍ക്കും പ്ലേ ഓഫിന് മത്സരിക്കാം.