'13.25 കോടിയാണ് ദാ കഷ്ടപ്പെട്ട് നേടിയ പൂജ്യവുമായി പോകുന്നത്'; കാവ്യ മാരന്‍റെ പൊന്നും വിലയുള്ള താരത്തിന് ട്രോൾ
കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്.
ദില്ലി: വൻ തുക മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് വീണ്ടും നിരാശപ്പെടുത്തയതോടെ പരിഹാസം കുത്തനെ കൂട്ടി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള മത്സരത്തില്‍ സംപൂജ്യനായാണ് താരം പുറത്തായത്. 13, 3, 13, 100, 9, 18, 7, 0 എന്നിങ്ങനെയാണ് ഈ സീസണില്‍ ബ്രൂക്കിന്‍റെ പ്രകടനം. ഏകദേശം 14 കോടി മുടക്കി ടീമിലെത്തിച്ചത് എട്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ തിളങ്ങാനാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില.
പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. ഇതോടെ ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച ബ്രൂക്ക്, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്‍റെ പ്രകടനമെന്ന് പറഞ്ഞിരുന്നു. 'ഞാന്‍ മികച്ച പ്രകടനം നടത്തിയതായി ഏറെ ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രിയില്‍ പറയുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അവരെന്നെ കടന്നാക്രമിക്കുകയായിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്നുമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരശേഷം ബ്രൂക്കിന്‍റെ വാക്കുകള്‍. ഈ പ്രതികരണം പോലും ഇപ്പോള്‍ ബ്രൂക്കിന് തിരിച്ചടിയായിരിക്കുകയാണ്. സെഞ്ചുറി നേട്ടത്തിന് ശേഷം പിന്നെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല. . ഇത് പിഎസ്അല്‍ അല്ലെന്ന് ബ്രൂക്കിനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ആരാധകര്‍.