'സോറി, ഇത് പിഎസ്‍എല്‍ അല്ല'; പേരൊക്കെ 'ഇംഗ്ലീഷ് കോലി', ഐപിഎല്ലില്‍ തിളങ്ങാത്ത താരത്തിന് ട്രോള്‍ മഴ
സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില.
ഹൈദരാബാദ്: ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില.
പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് ഹാരി. രാജസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 13 റണ്‍സെടുക്കാനാണ് താരത്തിന് സാധിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗവിനെതിരെ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി. യുസ്‍വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ് എന്നിവരാണ് ഹാരിയുടെ വിക്കറ്റുകളെടുത്തത്.
രണ്ട് മത്സരത്തിലും സണ്‍റൈസേഴ്സ് ഹൈജരാബാദ് തോല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആരാധകര്‍ ഹാരി ബ്രൂക്കിനെ ട്രോള്‍ ചെയ്യാൻ ആരംഭിച്ചത്. ഇത് പിഎസ്അല്‍ അല്ലെന്ന് ബ്രൂക്കിനെ ഓര്‍മ്മിപ്പികയാണ് ആരാധകര്‍. അതേസമയം, ആദ്യജയം കൊതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങും. ബാറ്റിംഗ് നിരയുടെ പരാജയമാണ് രണ്ട് കളികളിലും സണ്‍റൈസേഴ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണം. രണ്ട് കളിയിലും 150 കടക്കാന്‍ പോലും ആയില്ല.
ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍ എന്നിവരുള്‍പ്പെടുന്ന പേരുകേട്ട ബൗളിംഗ് നിരയും നിരാശപ്പെടുത്തി. ആകെ പ്രതീക്ഷ നല്‍കുന്നത് സ്പിന്നര്‍ ആദില്‍ റഷീദ് മാത്രമാണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇരുപത് കളികളില്‍ 13 എണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് ജയം പഞ്ചാബിനൊപ്പം നിന്നത്.