അണയാൻ പോകുന്ന തീയുടെ ആളിക്കത്തലോ അത്! 13.25 കോടിയുടെ മുതൽ, 'വായടപ്പിക്കൽ' ഡയലോഗ് തിരിച്ചടിക്കുന്നു
ഇപ്പോള്‍ ഈ 'വായടപ്പിക്കല്‍' ഡയലോഗ് ആണ് ബ്രൂക്കിനെ തിരിഞ്ഞുക്കൊത്തുന്നത്. 13(21), 3(4), 13(14), 100(55), 9(7), (14) എന്നിങ്ങനെയാണ് ബ്രൂക്കിന്‍റെ സീസണിലെ പ്രകടനം.
ഹൈദരാബാദ്: ഒരു ആളിക്കത്തലിന് ശേഷം വീണ്ടും ഐപിഎല്ലില്‍ ബുദ്ധിമുട്ടുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്കിനെ സ്വന്തം വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച ബ്രൂക്ക്, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്‍റെ പ്രകടനമെന്ന് പറഞ്ഞിരുന്നു. 'ഞാന്‍ മികച്ച പ്രകടനം നടത്തിയതായി ഏറെ ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രിയില്‍ പറയുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അവരെന്നെ കടന്നാക്രമിക്കുകയായിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്നുമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരശേഷം പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ 'വായടപ്പിക്കല്‍' ഡയലോഗ് ആണ് ബ്രൂക്കിനെ തിരിഞ്ഞുക്കൊത്തുന്നത്. 13(21), 3(4), 13(14), 100(55), 9(7), (14) എന്നിങ്ങനെയാണ് ബ്രൂക്കിന്‍റെ സീസണിലെ പ്രകടനം. ഏകദേശം 14 കോടി മുടക്കി ടീമിലെത്തിച്ചത് ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ തിളങ്ങാനാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില.
പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. രാജസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 13 റണ്‍സെടുക്കാനാണ് താരത്തിന് സാധിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗവിനെതിരെ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി.
യുസ്‍വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ് എന്നിവരാണ് ഹാരിയുടെ വിക്കറ്റുകളെടുത്തത്. പഞ്ചാബിനെതിരെ 14 പന്തിൽ 13 റൺസുമായി അർഷ്‍ദീപിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെയാണ് ആരാധകര്‍ ഹാരി ബ്രൂക്ക് ട്രോള്‍ ചെയ്യപ്പെട്ടത്. ഇത് പിഎസ്അല്‍ അല്ലെന്ന് ബ്രൂക്കിനെ ഓര്‍മ്മിപ്പികയായിരുന്നു ആരാധകര്‍. ഇതിന് മറുപടിയായി സെഞ്ചുറി നേടിയെങ്കിലും പിന്നീട് ആ ഫോം തുടരാൻ താരത്തിന് സാധിച്ചിട്ടില്ല.