ഹാർദിക്കിന്റെ വായ അടപ്പിച്ച് വിഷ്ണു വിനോദും ആകാശും; 'വന്ന വഴി മറന്ന്' ഡയലോഗ് അടിക്കല്ലേയെന്ന് ആരാധകരും
ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
മുംബൈ: ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുത്ത് വിജയങ്ങള്‍ നേടിയ മുംബൈ ഇന്ത്യൻസ്... ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കളത്തിൽ മുംബൈ ഇന്ത്യൻസ് ഇതിന് മറുപടി നൽകുക തന്നെ ചെയ്തു. വാര്‍ത്തെടുത്ത ഇന്ത്യൻ താരങ്ങളിലൂടെയാണ് മുംബൈയുടെ കുതിപ്പെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഗുജറാത്ത് ടൈറ്റൻസിന് എതിരെയുള്ള മത്സരം. നല്ല തുടക്കത്തിന് ശേഷം ടീമൊരു തിരിച്ചടി നേരിട്ടപ്പോൾ സൂര്യക്കൊപ്പം നിറഞ്ഞു കളിച്ച വിഷ്ണു വിനോദ്, വേഗം വിക്കറ്റ് പോയപ്പോഴും റൺ റേറ്റ് കുറയ്ക്കാതെ കളിച്ച നെഹാൽ വധേര, ഗുജറാത്തിന്റെ വമ്പന്മാർക്ക് മടക്ക ടിക്കറ്റ് നൽകിയ ആകാശ് മദ്വാൽ... അൺ ക്യാപ്‍ഡ് താരങ്ങളെ കൊണ്ടാണ് മുംബൈ വിജയം പിടിച്ചെടുത്തത്.
മുംബൈ വളർത്തിയെടുത്ത താരങ്ങളിൽ ഇപ്പോഴത്തെ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് മുതൽ വിഷ്ണു വിനോദ് വരെയുള്ളവരുണ്ട്. ഒരിക്കല്‍ കൂടെ ഐപിഎല്ലില്‍ മുംബൈ പ്ലേ ഓഫ് സ്വപ്നം കാണുമ്പോള്‍ വമ്പൻ പേരുകാരല്ല, മറിച്ച് ഇത്തരം കണ്ടെത്തലുകള്‍ തന്നെയാണ് ടീമിന് കരുത്താകുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് മുൻകാലങ്ങളില്‍ മുംബൈ റിക്രൂട്ട്മെന്‍റ് ആയി വന്ന ശേഷം വന്മരങ്ങളായി മാറിയത്. ഇന്നത് തിലക് വര്‍മ്മയും നെഹാല്‍ വധേരയും ആകാശ് മദ്വാലിലും എത്തി നില്‍ക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹാര്‍ദിക്കിന്‍റെ വാദങ്ങളെ പൂര്‍ണമായി തള്ളുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകര്‍.
ഇന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മുംബൈ ഇന്ത്യൻസ് വഹിച്ച പങ്കും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായത് മികച്ച കളിക്കാരുടെ സാന്നിധ്യം കൊണ്ടാണെന്ന് മുംബൈയുടെ മുന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. നായകനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ രീതിയാണ് താന്‍ മാതൃകയാക്കുന്നതെന്നും എന്നാണ് ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദ്ദിക് പറഞ്ഞത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വന്നത് വെറുതെയല്ല! തീ മിന്നൽ പോലെ തിളങ്ങി, അവതരിച്ച് വിഷ്ണു വിനോദ്