സഞ്ജു അന്ന് ചെയ്തത് ഓര്‍ത്ത് വച്ച് ഹാര്‍ദിക്കിന്‍റെ പ്രതികാരം; ഇരയായത് വജ്രായുധമായി കൊണ്ട് വന്ന താരം, വീഡിയോ
ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങള്‍ തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയം കുറിച്ചത്.
ജയ്പുര്‍: സീസണില്‍ ആദ്യ തവണ ഗുജറാത്ത് ടൈറ്റൻസിനെ നേരിട്ടപ്പോള്‍ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സ് നേടിയിരുന്നു. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഇതോടെ സഞ്ജു മാറിയിരുന്നു. ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്‌സ് നേടിയിരുന്നു. വീണ്ടും രാജസ്ഥാനും ഗുജറാത്തും മുഖാമുഖം വന്നപ്പോള്‍ ഗുജറാത്ത് ടൈറ്റൻസ് അന്ന് നേരിട്ട പരാജയത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു.
ഒപ്പം തന്‍റെ ഏറ്റവും പ്രധനപ്പെട്ട ബൗളറായ റാഷിദ് ഖാനെ അടിച്ചൊതുക്കിയതിന് ഹാര്‍ദിക് പ്രതികാരം ചെയ്യുകയും ചെയ്തു. ഗുജറാത്തിനെ മെരുക്കാൻ സഞ്ജു കൊണ്ട് വന്ന ആദം സാംപയെ മൂന്ന് വട്ടം അതിര്‍ത്തി കടത്തിയായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികാരം. സാംപയുടെ ഓവറില്‍ 24 റണ്‍സാണ് ഗുജറാത്ത് അടിച്ച് കൂട്ടിയത്. 6,4,6,6,1,1 എന്നിങ്ങനെയായിരുന്നു ആറ് പന്തുകള്‍. അതേസമയം, ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങള്‍ തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയം കുറിച്ചത്.
ജയ്‌പൂരിലെ സ്വന്തം മൈതാനമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് റോയല്‍സ് നേരിട്ടത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ ഓവറുകളില്‍ മുഹമ്മദ് ഷമി പതിവ് വെല്ലുവിളി ഉയര്‍ത്തിയില്ലെങ്കിലും ടൈറ്റന്‍സിന്‍റെ അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്.
20 പന്തില്‍ 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ യശസ്വി ജയ്‌സ്വാള്‍(14), ഫോം കണ്ടെത്താന്‍ പാടുപെടുന്ന ജോസ് ബട്‌ലര്‍(8), ദേവ്‌ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്‍(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്‍റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.