ഐപിഎല്‍ കലാശപ്പോരിന് ഓവറുകള്‍ വെട്ടിചുരുക്കുമെന്ന് ഉറപ്പായി! എന്നാല്‍ എത്രത്തോളം? പുതിയ വിവരങ്ങള്‍ പുറത്ത്
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ വ്യായാമം ചെയ്യാന്‍ ഇറങ്ങുകയും ചെയ്തു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അംപയര്‍മാരോട് സംസാരിക്കുന്നുമുണ്ടായിരുന്നു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോരിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അംപയര്‍മാര്‍. അഹമ്മദാബാദില്‍ ഇപ്പോഴും കനത്തമഴ തുടരുകയാണ്. ഇടവിട്ടാണ് മഴയെത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പിച്ചിലെ കവര്‍ മാറ്റുകയും ചെയ്്തിരുന്നു.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ വ്യായാമം ചെയ്യാന്‍ ഇറങ്ങുകയും ചെയ്തു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അംപയര്‍മാരോട് സംസാരിക്കുന്നുമുണ്ടായിരുന്നു. 9.45ന് 19 ഓവര്‍ മത്സരം തുടങ്ങാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ മഴയെത്തി. ഇതിനിടെ പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് അംപയര്‍മാര്‍.
എത്രത്തോളം ഓവറുകള്‍ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അംപയര്‍മാര്‍ പുറത്തുവിടുന്നത്. 10 മണിക്ക് മത്സരം തുടങ്ങാനാവുമെങ്കില്‍ 17 ഓവര്‍ മത്സരമായിരിക്കും നടക്കുക. 10.30നാണ് തുടങ്ങുന്നതെങ്കില്‍ 15 ഓവര്‍ മത്സരവും നടക്കും.
മത്സരത്തിന് ഇതുവരെ ടോസിടാന്‍ പോലും ആയിട്ടില്ല. എന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടതില്ല. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണ റിസര്‍വ് ഡേ ഉണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നാളെ കളിക്കും. കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും.
ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്.