മെറിറ്റിൽ വന്നതാ! തെരുവിൽ പാനി പൂരി വിറ്റ് നടന്ന കൊച്ച് പയ്യൻ, പൊരുതി നേടിയതാണ് ഇന്ന് കാണുന്നതെല്ലാം!
കഷ്ടപ്പാടുകളോടും പട്ടിണിയോടും പടവെട്ടിയാണ് ജയ്സ്വാള്‍ ലോകത്തെ ഏറ്റവും പണമൊഴുകുന്ന ലീഗിലെ മിന്നും താരമായി നില്‍ക്കുന്നത്. 10-ാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് യശസ്വി മനസില്‍ ചില ലക്ഷ്യങ്ങള്‍ കുറിച്ചിട്ട് മുംബൈയില്‍ എത്തുന്നത്
മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ മുംബൈ ഇന്ത്യൻസ് വിജയിച്ചെങ്കിലും ക്രിക്കറ്റ് ലോകത്തിന്‍റെ ഹൃദയം കവര്‍ന്ന് യശസ്വി ജയ്സ്വാള്‍. ഐപിഎല്ലിന്‍റെ ആയിരാമത്തെ മത്സരത്തില്‍ തന്‍റെ കന്നി സെഞ്ചുറി നേട്ടം പേരിലെഴുതിയാണ് യുവതാരം ചരിത്രം രചിച്ചത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി മാറാനും യശസ്വിക്ക് സാധിച്ചു. കണ്ണ് നിറയ്ക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന ഒരു സ്പോര്‍ട്സ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണ് യശസ്വിയുടെ ജീവിതം.
കഷ്ടപ്പാടുകളോടും പട്ടിണിയോടും പടവെട്ടിയാണ് ജയ്സ്വാള്‍ ലോകത്തെ ഏറ്റവും പണമൊഴുകുന്ന ലീഗിലെ മിന്നും താരമായി നില്‍ക്കുന്നത്. 10-ാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് യശസ്വി മനസില്‍ ചില ലക്ഷ്യങ്ങള്‍ കുറിച്ചിട്ടാണ് മുംബൈയില്‍ എത്തുന്നത്. ക്രിക്കറ്റ് ഒരാവേശമായി ആ പയ്യന്‍റെ ഹൃദയത്തില്‍ അതിനകം വേരോടി കഴിഞ്ഞിരുന്നു. യശസ്വിയുടെ മാതാപിതാക്കൾ സാമ്പത്തികമായി നല്ല നിലയിലായിരുന്നില്ല. തന്‍റെ അമ്മാവനോടൊപ്പം സ്വപ്ന നഗരത്തിലെത്തിയ കുട്ടി 11-ാം വയസില്‍ തന്നെ ജോലികള്‍ ചെയ്ത് തുടങ്ങി.
ആസാദ് മൈതാനത്തിന് സമീപം പാനി പൂരിയും പഴങ്ങളും വിറ്റ് താരം ജീവിക്കാനുള്ള വക കണ്ടെത്തി. ദിവസവും ജോലി കഴിഞ്ഞ് ക്രിക്കറ്റ് താരങ്ങൾ കളിക്കുന്നത് കാണാൻ പോയിരുന്നത് ഇതേ മൈതാനത്ത് തന്നെയായിരുന്നു. റോഡരികിലെ ടെന്‍റിലായിരുന്നു അവൻ താമസിച്ചിരുന്നത്. കോച്ച് ജ്വാല സിംഗിനെ കണ്ടുമുട്ടിയപ്പോള്‍ മുകലാണ് യശസ്വിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. കോച്ച് പിന്തുണയ്ക്കുക മാത്രമല്ല, ഒപ്പം താമസിപ്പിച്ചുവെന്നും യശസ്വി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഹാരിസ് ഷീൽഡ് സ്കൂൾ തല ടൂർണമെന്റിൽ പുറത്താക്കാതെ 319 റണ്‍സ് എടുക്കുകയും 13 വിക്കറ്റുകള്‍ നേടുകയും ചെയ്തതോടെയാണ് യശസ്വി ആദ്യം വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്.
സാക്ഷാല്‍ സച്ചിൻ ടെണ്ടുൽക്കറെ സൃഷ്ടിച്ച അതേ ടൂർണമെന്‍റിലൂടെ ജയ്‌സ്വാൾ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പടി പടിയായി ഉയര്‍ന്ന് ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന നിലയിലേക്ക് ജയ്സ്വാള്‍ വളര്‍ന്നു. അവിടെയും തന്‍റെ പ്രതിഭ തെളിയിക്കുന്ന പ്രകടനം തുടര്‍ന്നു. ആഭ്യന്തര ക്രിക്കറ്റിലും 18 വയസ് എത്തും മുമ്പേ താരം വരവറിയിച്ചു.
ലിസ്റ്റ് എ ക്രിക്കറ്റിൽ 17-ാം വയസ്സിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററായാണ് ചരിത്രം രചിച്ചത്. പിന്നീട് ഇന്ത്യയിലെ ഏത് യുവതാരവും കൊതിക്കുന്ന പോലെ ഐപിഎല്ലിലേക്കും വൈകാതെ വിളിയെത്തി. 2019ലെ ലേലത്തില്‍ 2.4 കോടി മുടക്കിയാണ് രാജസ്ഥാൻ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്. ആദ്യ സീസണുകളില്‍ പതറിയെങ്കിലും വലിയ വേദിയില്‍ മൂര്‍ച്ച കൂട്ടി യശസ്വി മുന്നോട്ട് കുതിക്കുകയാണ്.