അഫ്രീദിക്ക് പോലും ഇതിനേക്കാള്‍ വേഗമുണ്ട്, അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആരാധകരുടെ ട്രോള്‍
പാക് നായകനും ലെഗ് സ്പിന്നറുമായിരുന്ന ഷാദിഹ് അഫ്രീദി പോലും 134 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുമ്പോള്‍ ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍റെ പന്തിന്‍റെ വേഗം വെറും 107 കിലോ മീറ്ററാണെന്ന് പറഞ്ഞാണ് ആരാധകര്‍ പരിഹാസവുമായി എത്തിയത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയവുമായി മുംബൈ വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ സമ്മര്‍ദ്ദഘട്ടത്തില്‍ മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും തിളങ്ങി. മുംബൈക്കെതിരെ ഹൈദരാബാദിന് അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുന്‍ ഭുവനേശ്വര്‍ കുമാറിന്‍റെ വിക്കറ്റെടുത്ത് ഐപിഎല്ലിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ പവര്‍ പ്ലേയില്‍ രണ്ടോവര്‍ അര്‍ജ്ജുന്‍ എറിഞ്ഞിരുന്നു. ഹൈദരാബാദ് ഇന്നിംഗ്സിലെ ആദ്യ ഓവര്‍ എറിഞ്ഞ അര്‍ജ്ജുന്‍ ആറ് റണ്‍സും മൂന്നാം ഓവറില്‍ ഒമ്പത് റണ്‍സുമാണ് വഴങ്ങിയത്. തന്‍റെ രണ്ടാം ഓവറില്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ കൂടുതലും സ്ലോ ബോളുകളെറിയാനാണ് ശ്രമിച്ചത്. അര്‍ജ്ജുന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ത്രിപാഠി ബൗണ്ടറി നേടുകയും ചെയ്തു. ഈ പന്തിന്‍റെ വേഗമാകട്ടെ 107 കിലോ മീറ്റര്‍ മാത്രമായിരുന്നു. ഇതോടെ ഇടംകൈയന്‍ പേസറായ അര്‍ജ്ജുനെതിരെ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തി.
പാക് നായകനും ലെഗ് സ്പിന്നറുമായിരുന്ന ഷാഹിദ് അഫ്രീദി പോലും 134 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുമ്പോള്‍ ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍റെ പന്തിന്‍റെ വേഗം വെറും 107 കിലോ മീറ്ററാണെന്ന് പറഞ്ഞാണ് ആരാധകര്‍ പരിഹാസവുമായി എത്തിയത്. അര്‍ജ്ജുന്‍റെ റണ്‍ അപ് ഷൊയൈബ് അക്തറെ പോലെയും പന്തിന്‍റെ വേഗം ലക്ഷിപതി ബാലാജിയുടെ പോലെയുമാണെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍
വേഗത്തിന്‍റെ കാര്യത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും അര്‍ജ്ജുന്‍റെ പ്രകടനത്തെ മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാനോളം പുകഴ്ത്തി. അര്‍ജ്ജുന്‍ മൂന്ന് വര്‍ഷമായി ഈ ടീമിന്‍റെ ഭാഗമാണെന്നും ഗ്രൗണ്ടില്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവന് കൃത്യമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ടായി.