ആ രഹസ്യം പുറത്ത്! അനിയൻകുട്ടനെ പോലെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പോയി, പിന്നെ കളത്തിൽ കണ്ടത് ഒരു 'പുതിയ മുഖം'
പൃഥ്വി ഷായുടെ തിരിച്ചുവരവിന്‍റെ പിന്നിലെ കാരണം ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.
ധരംശാല: മോശം ഫോമിന്‍റെ പടുകുഴിയില്‍ വീണ് കഷ്ടപ്പെട്ടിരുന്ന പൃഥ്വി ഷായുടെ തിരിച്ചുവരവിന്‍റെ രഹസ്യം കണ്ടെത്തി ആരാധകര്‍. ഈ സീസണില്‍ ആദ്യ ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ കളിച്ച താരത്തിന് 47 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചിരുന്നത്. ഇതോടെ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പൃഥ്വി ഷാ പഞ്ചാബ് കിംഗ്സിന് എതിരെ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. 38 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ഒരു സിക്സും പായിക്കാനും പൃഥ്വി ഷായ്ക്ക് സാധിച്ചു.
അതേസമയം, പൃഥ്വി ഷായുടെ തിരിച്ചുവരവിന്‍റെ പിന്നിലെ കാരണം ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. പഞ്ചാബിനെ നേരിടുന്നതിന് മുമ്പ് ഡല്‍ഹി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനായി ചെപ്പോക്കില്‍ എത്തിയിരുന്നു. മത്സരത്തില്‍ ഷായ്ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍, മത്സര ശേഷം പൃഥ്വി ഷായുമായി വളരെ നേരം സംസാരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഷായുടെ വമ്പൻ തിരിച്ചുവരവിന് പിന്നില്‍ ധോണി നല്‍കിയ ഉപദേശമാണ് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് ഇതിനകം ഐപിഎല്ലില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ആഭ്യന്തര സീസണില്‍ മിന്നുന്ന പ്രകടനത്തിന് ശേഷം ഐപിഎല്ലിലേക്ക് എത്തിയ താരത്തില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ 10 ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 92.39 സ്ട്രൈക്ക് റേറ്റിലും 595 റണ്‍സ് ഷാ നേടിയിരുന്നു. അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി(379) നേടി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമായിരുന്നു ഇത്.
സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായിരുന്നു പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് നേടി. ഇത്രയും മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ എത്തിയ ഷാ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. പൃഥ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നതാണെന്ന് റിക്കി പോണ്ടിംഗിന് വരെ പറയേണ്ടി വന്നിരുന്നു.