സന്തോഷം സഹിക്കാൻ വയ്യ! ലഖ്നൗവിന്‍റെ സ്വന്തം തട്ടകം, കാലിൽ തൊടാൻ വന്ന ആരാധകനെ നെഞ്ചോട് ചേർത്ത് കിംഗ്; വീഡിയോ
ഇതിഹാസ താരമായി മാറിക്കഴിഞ്ഞ കിംഗ് കോലിക്ക് വലിയ ആദരവും സ്നേഹവുമാണ് ഇന്നലെ ലഖ്നൗവിന്‍റെ തട്ടകത്തില്‍ പോലും ലഭിച്ചത്.
ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ പോരാട്ടം വിരാട് കോലിയും ലഖ്നൗ താരങ്ങളും തമ്മിലുള്ള ഉരസലിന്‍റെയും വാക്കു തര്‍ക്കത്തിന്‍റയും പേരില്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. എന്നാല്‍, ഇതിഹാസ താരമായി മാറിക്കഴിഞ്ഞ കിംഗ് കോലിക്ക് വലിയ ആദരവും സ്നേഹവുമാണ് ഇന്നലെ ലഖ്നൗവിന്‍റെ തട്ടകത്തില്‍ പോലും ലഭിച്ചത്. ഇപ്പോള്‍ കോലിയുടെ ഒരു ആരാധകന്‍റെ സ്നേഹവും കാണിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
കോലി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ താരത്തിന്‍റെ അടുത്തേക്ക് ഒരു ആരാധകൻ ഓടിയെത്തി. കോലിക്ക് സമീപമെത്തി മുട്ട് കുത്തി കാലില്‍ തൊട്ട ആരാധകനെ താരം ഏഴുന്നേല്‍പ്പിച്ച ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന് ശേഷം പുറത്തേക്ക് പോകുമ്പോള്‍ സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അസ്ഥയിലായിരുന്നു ആരാധകൻ. മത്സരശേഷം ലഖ്നൗവിനെക്കാള്‍ ആരാധക പിന്തുണ ബാംഗ്ലൂരിനായിരുന്നുവെന്നും ആര്‍സിബി എന്ന ടീമിനെ ആരാധകര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവാണിതെന്നും കോലി പറഞ്ഞിരുന്നു.
മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെ ലഖ്നൗ പേസര്‍ നവീന്‍ ഉള്‍ ഹഖിന് ഗെയിം ചേഞ്ചര്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കാനായി വിളിച്ചപ്പോഴും സ്റ്റേഡിയത്തില്‍ നിന്ന് ഉച്ചത്തില്‍ കോലി കോലി വിളികള്‍ ഉയര്‍ന്നിരുന്നു. മത്സരത്തിനിടെ കോലിയും ലഖ്നൗ താരങ്ങളായ നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
മത്സരശേഷം ഹസ്തദാനത്തിനിടെ നവീന്‍ ഉള്‍ ഹഖുമായി വീണ്ടും ഉടക്കിയ കോലിയുമായി ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.