ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെയും ഭാവി താരങ്ങളെയും തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്
ഐപിഎല്ലിലെ അടുത്ത വമ്പന്‍ താരങ്ങളായി കാര്‍ത്തിക് പ്രവചിക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാള്‍, മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മ, ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍ എന്നിവരെയാണ്.
ബെംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയെ ആണ് കാര്‍ത്തിക് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരം വിരാട് കോലിയെയും മുന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്സിനെയും ക്രിസ് ഗെയ്‌ലിനെയുമെല്ലാം മറികടന്നാണ് കാര്‍ത്തിക് ധോണിയെ് തെരഞ്ഞെടുത്തത്.
ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷമായി കാര്‍ത്തിക് തെരഞ്ഞെടുത്തത് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കിരീട നേട്ടമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരായി രണ്ടു പേരുകളാണ് കാര്‍ത്തിക് മുന്നോട്ടുവെച്ചത്. മുന്‍ ചെന്നൈ താരമായ ഷെയ്ന്‍ വാട്സന്‍റെയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നിന്‍റെയും.
ഐപിഎല്ലിലെ അണ്ടര്‍ റേറ്റഡ് പ്ലേയറായി കാര്‍ത്തിക് തെരഞ്ഞെടുത്തത് പഞ്ചാബ് കിംഗ്സിന്‍റ മുന്‍ താരമായിരുന്ന ഷോണ്‍ മാര്‍ഷിനെയാണ്. ഐപിഎല്ലിലെ അടുത്ത വമ്പന്‍ താരങ്ങളായി കാര്‍ത്തിക് പ്രവചിക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാള്‍, മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മ, ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍ എന്നിവരെയാണ്. ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം നടത്തുന്ന ജിയോ സിനിമയിലാണ് കാര്‍ത്തിക് തന്‍റെ തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഫിനിഷറെന്ന നിലയില്‍ തിളങ്ങാനാവാതെ പോയതോടെ കാര്‍ത്തിക്കിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 18 പന്തില്‍ കാര്‍ത്തിക് 22 റണ്‍സെടുത്ത് പുറത്തായിരുന്നു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍ സി ബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെ നേടാനായുള്ളു.
ഈ സീസണില്‍ ആര്‍സിബിക്കായി എട്ടു മത്സരങ്ങളിലും ബാറ്റ് ചെയ്ത കാര്‍ത്തിക്കിന് 83 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി ഫിനിഷറായി തിളങ്ങിയ കാര്‍ത്തിക് 16 മത്സരങ്ങളില്‍ 330 റണ്‍സടിച്ചിരുന്നു. ഐപിഎല്ലിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും കാര്‍ത്തിക് ഇന്ത്യക്കായി കളിച്ചിരുന്നു.