ആരവങ്ങൾക്ക് നടുവിലേക്ക് 'തല'യുടെ വരവ്; ഫാൻ ഗേളായി മാറി ലേഡി സൂപ്പർസ്റ്റാർ, 'വിസില്‍ പോട്ട്' വമ്പൻ ആഘോഷം
ചെന്നൈയുടെ വിജയ റണ്‍ കുറിച്ചത് നായകൻ എം എസ് ധോണിയായിരുന്നു. ആരവങ്ങള്‍ക്ക് നടുവിലേക്കാണ് ധോണി എത്തിയത്.
ചെന്നൈ: ചെപ്പോക്കില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്തെറിഞ്ഞ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയകടമ്പ കടന്നു. ചെന്നൈയുടെ വിജയ റണ്‍ കുറിച്ചത് നായകൻ എം എസ് ധോണിയായിരുന്നു. ആരവങ്ങള്‍ക്ക് നടുവിലേക്കാണ് ധോണി എത്തിയത്. ചെപ്പോക്ക് സ്റ്റേഡിയമാകെ നിറഞ്ഞ മഞ്ഞപ്പട്ടാളം ധോണി ക്രീസിലേക്ക് നടന്ന് വരുമ്പോള്‍ ആരവവും മുഴക്കി.
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന നയൻതാരയും ധോണിക്കായി ആര്‍പ്പുവിളിച്ചവരുടെ കൂട്ടത്തിലുണ്ട്. ചെപ്പോക്കില്‍ മത്സരം കാണാൻ നയൻതാര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവൻ എന്നിവരും എത്തിയിരുന്നു. ധോണി ക്രീസിലേക്ക് വരുമ്പോള്‍ ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നയൻതാരയുടെയും വിഘ്നേഷിന്‍റെയും ചിത്രങ്ങള്‍ സിഎസ്കെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ മികച്ച വിജയം നേടുകയായിരുന്നു. സൂപ്പര്‍ കിംഗ്സിനായി ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) മുന്നില്‍ നിന്ന് പട നയിച്ചു. മുംബൈ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗളയ്ക്ക് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്‍റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി.
ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു. നായകൻ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാൻ കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണിംഗിന് എത്തിയത്. എന്നാല്‍, തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവിന് മാത്രം മാറ്റമുണ്ടായില്ല. ഇത്തവണ ഗ്രീനാണ് (നാല് പന്തില്‍ ആറ്) നിരാശപ്പെടുത്തി മടങ്ങിയത്. ഇഷാനും (ഒമ്പത് പന്തില്‍ ഏഴ്) കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. മൂന്നാമനായെത്തിയ രോഹിത് സ്കോര്‍ ബോര്‍ഡ് ഒന്ന് തുറക്കുക പോലും ചെയ്യാതെ തിരികെ കയറിയത് മുംബൈക്ക് കനത്ത ക്ഷീണമായി മാറി.