വീണ്ടും അര്‍ധസെഞ്ചുറി കൂട്ടുകെട്ട്! റെക്കോര്‍ഡ് ബുക്കില്‍ ഡെവോണ്‍ കോണ്‍വെ- റിതുരാജ് ഗെയ്കവാദ് സഖ്യം
നിലവില്‍ ഇരുവരും 9 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇരുവരും. 13 തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ മുരളി വിജയ്- മൈക്കല്‍ ഹസി സഖ്യമാണ് ഒന്നാമത്.
ചെന്നൈ: അടുത്തകാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വളര്‍ത്തിയെടുത്ത ഓപ്പണിംഗ് സഖ്യമാണ് റിതുരാജ് ഗെയ്കവാദ്- ഡെവോണ്‍ കോണ്‍വെ സഖ്യം. മികച്ച തുടക്കം നല്‍കാന്‍ ഇരുവരും സഹായിക്കാറുണ്ട്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒന്നാം ക്വാളിഫയറില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇതോടെ നേട്ടങ്ങളുടെ ഒരു പട്ടികയില്‍ ഇരുവര്‍ക്കും ഇടം നേടാനായി. ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലാണ് സഖ്യമെത്തിയത്.
നിലവില്‍ ഇരുവരും 9 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇരുവരും. 13 തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ മുരളി വിജയ്- മൈക്കല്‍ ഹസി സഖ്യമാണ് ഒന്നാമത്. 10 വീതം അര്‍ധ സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത് രണ്ട് സഖ്യങ്ങളുണ്ട്. എം സ് ധോണി- സുരേഷ് റെയ്‌ന, മൈക്കല്‍ ഹസി- സുരേഷ് റെയ്‌ന സഖ്യമാണ് രണ്ടാം സ്ഥാനത്ത്. ധോണി- രവീന്ദ്ര ജഡേജ സഖ്യത്തിന് ഒമ്പത് അര്‍ധ സെഞ്ചുറികള്‍ വീതമുണ്ട്. റിതുരാജ്- കോണ്‍വെ സഖ്യത്തോടൊപ്പം മൂന്നാം സ്ഥാനത്താണ് ഇരുവരും.
ഇതോടൊപ്പം ഗുജറാത്തിനെതിരെ റുതുരാജിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കളിച്ച നാല് മത്സരങ്ങളിലും അദ്ദേഹം അര്‍ധസെഞ്ചുറി നേടി. ഇന്ന് 44 പന്തില്‍ 60 റണ്‍സ് നേടിയാണ് റിതുരാജ് മടങ്ങിയത്. ഇതില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും. ഈ സീസണില്‍ ഗുജറാത്തിനെതിരെ ആദ്യ മത്സരത്തില്‍ 50 പന്തില്‍ 92 റണ്‍സ് നേടാനും റിതുരാജിനായിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെതിരെ ആദ്യ മത്സരത്തില്‍ 49 റണ്‍സാണ് നേടിയത്. പൂനെയിലായിരുന്നു മത്സരം. മുംബൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 49 പന്തില്‍ 53 റണ്‍സും നേടി. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ തോറ്റിരുന്നു. ആദ്യമായിട്ടാണ് ഇരുവരും ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നേര്‍ക്കുനേര്‍ വരുന്നത്.
ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യപ്പട ഇറങ്ങുന്നത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി. സിഎസ്‌കെയില്‍ മാറ്റങ്ങളൊന്നുമില്ല.
വംശീയാധിക്ഷേപം നേരിട്ട വിനീഷ്യസിന് ഐക്യദാര്‍ഢ്യം; ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ച് ബ്രസീല്‍
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദാസുന്‍ ശനക, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍കാണ്ഡെ, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷന.