ഡഗ് ഔട്ടില്‍ ജേഴ്സി തൂക്കിയിട്ട് പന്തിനോടുള്ള സ്നേഹ പ്രകടനം വേണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് ബിസിസിഐ
ഡല്‍ഹി ടീം സദുദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്നത് കണക്കിലെടുത്ത് ടീം മാനേജ്മെന്‍റിനോട് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദില്ലി: ഐപിഎല്ലിനില്ലാത്ത റിഷഭ് പന്തിനോടുള്ള സ്നേഹപ്രകടനമായി ഡഗ് ഔട്ടില്‍ പന്തിന്‍റെ ജേഴ്സി തൂക്കിയിട്ട ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നടപടിയില്‍ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ടീമിന്‍റെ ഡഗ് ഔട്ടിന്‍റെ മുകളില്‍ റിഷഭ് പന്തിന്‍റെ പേരെഴുതിയ 17-ാം നമ്പര്‍ ജേഴ്സി തൂക്കിയിട്ട് ഡല്‍ഹി ടീം നായകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍ കടന്ന കൈയാണെന്നും അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡല്‍ഹി ടീം മാനേജ്മെന്‍റിനെ ബിസിസിഐ അറിയിച്ചതായാി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏതെങ്കിലും കളിക്കാരന്‍ അപ്രതീക്ഷിത മരണംമൂലം അസാന്നിധ്യാകുമ്പോഴോ അല്ലെങ്കില്‍ അപ്രതീക്ഷിതമായി വിരമിക്കേണ്ടിവരുമ്പോഴോ ചെയ്യേണ്ട കാര്യമാണിത്. എന്നാല്‍ റിഷഭ് പന്തിന്‍റെ കാര്യത്തില്‍ അങ്ങനയൊന്നുമില്ല. കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഐപിഎല്‍ നഷ്ടമായെങ്കിലും റിഷഭ് പന്ത് തിരിച്ചുവരവിന്‍റെ പാതയിലാണ്. അതുകൊണ്ടു തന്നെ ഡല്‍ഹിയുടെ നടപടി അല്‍പം കടന്ന കൈയായി പോയെന്നാണ് ബിസിസിഐയുടെ നിലപാട്.
ഡല്‍ഹി ടീം സദുദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്നത് കണക്കിലെടുത്ത് ടീം മാനേജ്മെന്‍റിനോട് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗാണ് കഴിഞ്ഞ തവണ ടീമിനെ നയിച്ച റിഷഭിന്‍റെ അസാന്നിധ്യം ടീമിനെ അറിയിക്കാതിരിക്കാനായി ജേഴ്സി തൂക്കിയിടാമെന്ന ആശയം മുന്നോട്ടുവെച്ചത്.
ഡല്‍ഹിയുടെ ഹോം മത്സരങ്ങളിലെങ്കിലും മത്സരം കാണാന്‍ റിഷഭ് പന്ത് തന്‍റെ അരികത്ത് ഇരുന്നിരുന്നെങ്കില്‍ ഏറെ സന്തോഷമാകുമായിരുന്നുവെന്നും പോണ്ടിംഗ് നേരത്തെ പറഞ്ഞിരുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ കളിക്കാരുടെ ജേഴ്സിയിലും തൊപ്പിയിലും റിഷഭിന്‍റെ പേരെഴുതിയാവും കളിക്കാനിറങ്ങുകയെന്നും പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആദ്യ മത്സരത്തില്‍ റിഷഭ് പന്തിന്‍റെ ജേഴ്സി ഡഗ് ഔട്ടില്‍ തൂക്കിയിട്ട് ഡല്‍ഹി ടീം സ്നേഹപ്രകടനം നടത്തിയത്. ബിസിസിഐയുടെ നിര്‍ദേശത്തോട് ഡല്‍ഹി എന്ത് മറുപടിയാണ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുമ്പോഴും ഡല്‍ഹി പന്തിന്‍റെ ജേഴ്സി ഡഗ് ഔട്ടില്‍ തൂക്കിയിടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഐപിഎല്ലില്‍ ഇത്തവണ മുംബൈ പ്ലേ ഓഫില്‍ പോലും എത്താനിടയില്ലെന്ന് ഓസീസ് ഇതിഹാസം
ഡിസംബര്‍ 30ന് ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാതയില്‍ നടന്ന കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റത്. പരിക്ക് മൂലം പന്തിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏഷ്യാ കപ്പും നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.