'എനിക്ക് പ്രായമായി; അത് മറച്ചുവെച്ചിട്ട് കാര്യമില്ല'; വിരമിക്കല്‍ സൂചന നല്‍കി ധോണി
തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ധോണിയുടെ മറുപടി. തന്‍റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും പറഞ്ഞാണ് ധോണി ഈ സീസണോടെ വിരമിക്കുമെന്ന സൂചന നല്‍കിയത്.
ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും പ്രായം കൂടിയ നായകനായി റെക്കോര്‍ഡിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയകിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം തനിക്ക് പ്രായമായെന്നും ഇത് തന്‍റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞാണ് ധോണി വിരമിക്കല്‍ സൂചന നല്‍കിയത്.
മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.
ജയത്തിന് പിന്നാലെ ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, മത്സരങ്ങള്‍ നഷ്ടമാവം
മുമ്പ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കീപ്പറായിരുന്നപ്പോഴും ഇത്തരത്തിലൊരു ക്യാച്ചെടുത്തിട്ടുണ്ട്. ഗ്ലൗസ് കൈയിലുള്ളത് കൊണ്ട് ആ ക്യാച്ച് എടുക്കുന്നത് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് എളുപ്പമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നമ്മള്‍ ശരിയായ പൊസിഷനില്‍ അല്ലെങ്കില്‍ ആ ക്യാച്ച് എടുക്കാനാവില്ല. അവിടെ കഴിവല്ല, പരിചയസമ്പത്താണ് കാര്യം. പ്രായമായി കഴിയുമ്പോള്‍ കഴിവുകൊണ്ട് മാത്രം കാര്യമില്ല. അല്ലെങ്കില്‍ നമ്മള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആവണമെന്നും ധോണി പറഞ്ഞു.
എന്നാല്‍ ഈ സമയം ഇടപെട്ട ഹര്‍ഷ ഭോഗ്‌ലെ താങ്കള്‍ക്ക് അധികം പ്രായമൊന്നും ആയിട്ടില്ലെന്ന് പറഞ്ഞു. തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ധോണിയുടെ മറുപടി. തന്‍റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും പറഞ്ഞാണ് ധോണി ഈ സീസണോടെ വിരമിക്കുമെന്ന സൂചന നല്‍കിയത്. ഐപിഎല്ലില്‍ നാലു ജയങ്ങളില്‍ നിന്ന് എട്ടു പോയന്‍റുള്ള ചെന്നൈ പോയന്‍റ് പട്ടികയില്‍ മൂന്നാമതാണ്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം.