റണ്‍സിന്‍റെ റുതുകാലം; മൈക്കല്‍ ഹസിയുടെ റെക്കോര്‍ഡ് തവിടുപൊടിയാക്കി റുതുരാജ് ഗെയ്‌ക്‌വാദ്
എവേ മൈതാനത്ത് ഗംഭീര തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും നല്‍കിയത്
ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തല്ലിച്ചതച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന് റെക്കോര്‍ഡ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറായി ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ നേടിയ താരങ്ങളില്‍ മൈക്ക് ഹസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗെയ്‌ക്‌വാദ് രണ്ടാമത് എത്തി. ഹസിക്ക് 13 ഉം ഗെയ്‌ക്‌വാദിന് 14 ഉം ഫാഫ് ഡുപ്ലസിസിന് 16 ഉം 50+ സ്കോറാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണറായുള്ളത്.
എവേ മൈതാനത്ത് ഗംഭീര തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും നല്‍കിയത്. ആദ്യം അര്‍ധസെഞ്ചുറിയിലെത്തിയ റുതുരാജ് 37 പന്തില്‍ സീസണിലെ മൂന്നാം ഫിഫ്റ്റി തികച്ചു. അക്‌സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനേയും തുടര്‍ച്ചയായി സിക്‌സറുകള്‍ക്ക് പറത്തിയായിരുന്നു അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ റുതു ഷോ. ഇതോടെ റെക്കോര്‍ഡ‍് റുതുരാജിന് തകര്‍ക്കാനായി. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ദേവോണ്‍ കോണ്‍വേയ്‌ക്കൊപ്പം 100 റണ്‍സിലേറെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷമാണ് റുതുരാജ് മടങ്ങിയത്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് റുതുരാജ്-കോണ്‍വേ സഖ്യം 100 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് സൃഷ്‌ടിക്കുന്നത്. 50 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സറും സഹിതം 79 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചേതന്‍ സക്കരിയ 15-ാം ഓവറിലെ മൂന്നാം പന്തില്‍ റൈലി റൂസ്സോയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ സിഎസ്‌കെയ്‌ക്കായി 141 റണ്‍സ് നേടി.
പ്ലേയിംഗ് ഇലവനുകള്‍
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ‍് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), റൈലി റൂസ്സോ, യഷ് ധുല്‍, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കരിയ, ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ക്യ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷ്‌ന.
Read more: 'തല' ആരാധകരുടെ ഇരമ്പലില്‍ കേള്‍ക്കാന്‍ വയ്യ; ആംഗ്യ ഭാഷയില്‍ ധോണിയോട് ടോസ് ആരാഞ്ഞ് മോറിസണ്‍- വീഡിയോ