രാജസ്ഥാനുമായുള്ള അങ്കത്തിന് മുമ്പ് മുംബൈയുടെ മാസ്റ്റര്‍സ്ട്രോക്ക്; ഡെത്ത് ഓവറുകൾ എറിയാനായി വമ്പൻ എത്തി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളില്‍ മുമ്പ് കളിട്ടുള്ള ക്രിസ് ജോര്‍ദാൻ ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ്.
മുംബൈ: ഇംഗ്ലീഷ് പേസ് ബൗളര്‍ ക്രിസ് ജോര്‍ദാനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. പരിക്കേറ്റ താരത്തിന് പകരക്കാരനായാണ് ക്രിസ് ജോര്‍ദാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആര്‍ക്ക് പകരമാണെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന താര ലേലത്തില്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള ക്രിസ് ജോര്‍ദാന് വേണ്ടി ആരും രംഗത്ത് വന്നിരുന്നില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളില്‍ മുമ്പ് കളിട്ടുള്ള ക്രിസ് ജോര്‍ദാൻ ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ്.
34കാരനായ താരത്തിന് 28 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളുണ്ട്. 2022ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് ക്രിസ് ജോര്‍ദാൻ കളിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകളാണ് നേടിയത്. തങ്ങളുടെ വിദേശ പേസ് ബൗളര്‍മാരെ കൊണ്ട് ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് മുംബൈ ക്രിസിനെ ടീമിലെത്തിച്ച് ഒരു മാറ്റത്തിന് ശ്രമിക്കുന്നത്. നേരത്തെ ജൈ റിച്ചാര്‍ഡ്സണ് പരിക്കറ്റപ്പോള്‍ പകരക്കാരനായി റിലൈ മെറിഡിത്തിനെ മുംബൈ എത്തിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഐഎല്‍ടി 20 ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഗൾഫ് ജയന്റ്‌സിന് വേണ്ടി ജോര്‍ദാൻ കളിച്ചിരുന്നു. പത്ത് ഇന്നിംഗ്‌സുകളിൽ നിന്ന് 13.80 ശരാശരിയിൽ 20 വിക്കറ്റ് വീഴ്ത്തി ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് താരം ടൂർണമെന്റ് പൂർത്തിയാക്കിയത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളും കളിച്ചിരുന്നു. പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അഞ്ച് തവണ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമാണ് മുംബൈക്ക് പിന്നിലുള്ളത്.
വമ്പന്‍ താരങ്ങള്‍ കൂടൊഴിയുകയും പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണിപ്പോള്‍ മുംബൈ. ബൗളിംഗ് മാത്രമല്ല ഇത്തവണ മുംബൈയെ വലക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മങ്ങിയ ഫോമും മുംബൈക്ക് തലവേദനയാണ്. തിലക് വര്‍മയും കാമറൂണ്‍ ഗ്രീനും മാത്രമാണ് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍.