വണ്ടര്‍ ക്യാച്ച് കണ്ട് 'വണ്ടറടിച്ച്' അനുഷ്ക; വിശ്വസിക്കാനാവാതെ ഇരുന്ന് പോയി, കളി മാറ്റിയ നിമിഷമെന്ന് വെങ്കി
ആര്‍സിബിയുടെ പ്രതീക്ഷകളെയെല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റി നായകൻ വിരാട് കോലി അര്‍ധ സെഞ്ചുറിയും നേടി മുന്നോട്ട് പോകുമ്പോഴാണ് വണ്ടര്‍ ക്യാച്ചിലൂടെ വെങ്കിടേഷ് ചിന്നസ്വാമിയെ നിശബ്‍ദമാക്കിയത്.
ബംഗളൂരു: ആര്‍സിബിക്കെതിരായ ടീമിന്‍റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായ വണ്ടര്‍ ക്യാച്ച് എടുത്തതിന്‍റെ സന്തോഷത്തില്‍ വെങ്കിടേഷ് അയ്യര്‍. ഈ സീസണില്‍ ആദ്യമായാണ് വെങ്കി ഫീല്‍ഡിംഗിനായി ഇറങ്ങിയത്. മിക്കപ്പോഴും ഇംപാക്ട് പ്ലെയറായി ഉപയോഗിക്കപ്പെട്ടതിനാല്‍ താരത്തിന് ഫീല്‍ഡ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ആദ്യമായി ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ക്യാച്ച് എടുക്കാനായതിന്‍റെ ആവേശത്തിലാണ് താരം.
ആര്‍സിബിയുടെ പ്രതീക്ഷകളെയെല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റി നായകൻ വിരാട് കോലി അര്‍ധ സെഞ്ചുറിയും നേടി മുന്നോട്ട് പോകുമ്പോഴാണ് വണ്ടര്‍ ക്യാച്ചിലൂടെ വെങ്കിടേഷ് ചിന്നസ്വാമിയെ നിശബ്‍ദമാക്കിയത്. ഗ്യാപ്പ് കണ്ടെത്തിയെന്ന് കരുതിയ കോലിയെ പോലും ഞെട്ടിച്ചാണ് വെങ്കി പന്ത് കൈക്കുള്ളിലാക്കിയത് ഈ സമയം ഗാലറിയില്‍ ഉണ്ടായിരുന്ന ബോളിവുഡ് താരവും കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ്മയും സൂപ്പര്‍ ക്യാച്ച് കണ്ട് അമ്പരന്നു.
ഫീൽഡിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം വെങ്കിടേഷ് അയ്യര്‍ പറഞ്ഞു. ഏകദേശം 5-6 മാസമായി ഫീല്‍ഡിംഗ് ചെയ്തിരുന്നില്ല. അതും കടുത്ത സമ്മർദ്ദമുള്ള സമയത്താണ് ആ ക്യാച്ച് ലഭിച്ചത്. വളരെ ഫ്ലാറ്റ് ആയിട്ട് പന്ത് വന്നതിനാല്‍ ഒരുപാട് ചിന്തക്കാനൊന്നും ഉണ്ടായിരുന്നില്ല. പന്തില്‍ കൈയിൽ കുടുങ്ങിയത് ഭാഗ്യമാണ്. വിരാട് കോലി നന്നായി സെറ്റ് ആയതിനാൽ ക്യാച്ച് എടുത്തതിൽ സന്തോഷമുണ്ടെന്നും വെങ്കിടേഷ് പറഞ്ഞു.
കളി മാറ്റിമറിച്ച നിമിഷമായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു. ആന്ദ്രേ റസലിന് വിക്കറ്റ് നല്‍കിയാണ് 37 പന്തില്‍ 54 റണ്‍സെടുത്ത കോലി മടങ്ങിയത്. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കെകെആര്‍ ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചപ്പോള്‍ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുയാഷ് ശര്‍മയും ആന്ദ്രെ റസലും ചേര്‍ന്നാണ് ആര്‍സിബിയെ എറിഞ്ഞിട്ടത്.