ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക്; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും
ഐപിഎല്‍ സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു
കൊല്‍ക്കത്ത: പരിക്കിന്‍റെ പിടിയിലുള്ള ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമാകും. പുറംവേദന വലയ്‌ക്കുന്ന താരം ശസ്‌ത്രക്രിയക്ക് വിധേയനാവും എന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകനായ അയ്യര്‍ ഇന്ത്യന്‍ ടീമിലെ മധ്യനിര താരമാണ്. ജൂണില്‍ ഓവലില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാവുമ്പോഴേക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരം ശ്രമിച്ചെങ്കിലും ശസ്‌ത്രക്രിയക്ക് ശേഷം മൂന്ന് മാസമെങ്കിലും പുറത്തിരിക്കേണ്ടിവരും എന്നാണ് ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശത്തായിരിക്കും താരത്തിന്‍റെ ശസ്‌ത്രക്രിയ.
ഐപിഎല്‍ സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡിസംബര്‍ മുതല്‍ പരിക്ക് അലട്ടിയിരുന്നെങ്കിലും ഓസ്ട്രേലിയക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റിനിടെ പുറംവേദന വീണ്ടും കലശലായതോടെ അയ്യര്‍ക്ക് പിന്നീട് ഏകദിന പരമ്പരയും നഷ്‌ടമായിരുന്നു. ഇതിന് ശേഷം താരത്തിന് ശസ്‌ത്രക്രിയ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ആദ്യം മടി കാണിച്ചു. ശസ്ത്രക്രിയ ചെയ്യാതെ വിശ്രമത്തിലൂടെയും മറ്റ് ചികിത്സയിലൂടെയും പരിക്ക് മാറ്റാമെന്നാണ് ശ്രേയസ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സര്‍ജറി ആവശ്യമായി വന്നിരിക്കുകയാണ്. ഐപിഎല്‍ പതിനാറാം സീസണില്‍ ശ്രേയസിന് പകരം നിതീഷ് റാണയെ കെകെആര്‍ താല്‍ക്കാലിക നായകനായി പ്രഖ്യാപിച്ചിരുന്നു. ശ്രേയസ് പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായതോടെ റാണ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നേക്കും.
സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് പുറമെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. ഓവലില്‍ ജൂണ്‍ ഏഴിനാണ് ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക. കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും കലാശപ്പോര് കളിക്കില്ല. ഡിസംബറില്‍ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് പരിക്ക് ശ്രേയസ് അയ്യരെ ആദ്യമായി പിടികൂടിയത്.
പരിക്കന്‍ സീസണായി ഐപിഎല്‍ 2023; ഇതുവരെ പുറത്തായത് എട്ട് താരങ്ങള്‍, ടീമുകള്‍ അങ്കലാപ്പില്‍