വിജയച്ചിരി ചിരിച്ച് ജയ് ഷായുടെ 'സിഗ്നല്‍'; അവസാനം എല്ലാം തകര്‍ത്ത് ജഡേജയുടെ മാസ് ഫിനിഷിംഗ്-വീഡിയോ

അതുവരെ മനോഹരമായി പന്തെറിഞ്ഞ മോഹിത് ശര്‍മ ഗുജറാത്തിന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ച നിമിഷം. വിഐപി ഗ്യാലറിയിലിരുന്ന ബിസിസഐ സെക്രട്ടറി ജയ് ഷാ സമീപത്തുള്ള ആരെയോ നോക്കി ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയില്‍ മുഷ്ടി ചുരുട്ടി വിജയച്ചിരി ചിരിച്ച് ആംഗ്യം കാട്ടി.

BCCI Secretary Jay Shaha hand gesture towards someone goes viral gkc

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത്-ചെന്നൈ പോരാട്ടത്തിന്‍റെ അവാസന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും. എന്നാല്‍ മോഹിത് ശര്‍മ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞതോടെ ചെന്നൈക്ക് ആദ്യ നാലു പന്തില്‍ നേടാനായത് മൂന്നു റണ്‍സ് മാത്രം. ഇതോടെ അവസാന രണ്ട് പന്തില്‍ വിജയലക്ഷ്യം 10 റണ്‍സായി.

അതുവരെ മനോഹരമായി പന്തെറിഞ്ഞ മോഹിത് ശര്‍മ ഗുജറാത്തിന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ച നിമിഷം. മത്സരം കാണാനായി വിഐപി ഗ്യാലറിയിലിരുന്ന ബിസിസഐ സെക്രട്ടറി ജയ് ഷാ സമീപത്തുള്ള ആരെയോ നോക്കി ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയില്‍ മുഷ്ടി ചുരുട്ടി വിജയച്ചിരി ചിരിച്ച് ആംഗ്യം കാട്ടുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആരാധകര്‍ കണ്ടു. ഈ സമയം അവസാന രണ്ട് പന്തില്‍ തന്ത്രം മാറ്റാനായി ആശിഷ് നെഹ്റ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് അരികിലേക്ക് വെള്ളക്കുപ്പിയുമായി പന്ത്രണ്ടാമനെ പറഞ്ഞയച്ചു.

'ആര് പറഞ്ഞു ധോണിയും ജഡേജയും ഉടക്കാണെന്ന്', വിജയനിമിഷത്തില്‍ ജഡേജയെ എടുത്തുയര്‍ത്തി ധോണി-വീഡിയോ

പിന്നീട് ഹാര്‍ദ്ദിക്കും മോഹിത് ശര്‍മയും ചേര്‍ന്ന് ചെറിയൊരു കൂടിയാലോചന. നല്ല താളത്തില്‍ പന്തെറിഞ്ഞിരുന്ന മോഹിത്തിന്‍റെ താളം തെറ്റിക്കുമോ ഈ കൂടിയാലോചനയും വൈകിപ്പിക്കലുമെന്ന് കമന്‍റേറ്റര്‍മാര്‍ പരസ്പരം പറഞ്ഞു. ഒടുവില്‍ മോഹിത് നിര്‍ണായക അഞ്ചാം പന്ത് എറിഞ്ഞു. അതുവരെ യോര്‍ക്കറുകള്‍ക്കൊണ്ട് ശ്വാസം മുട്ടിച്ച മോഹിത്തിനെ ഒന്ന് പിന്നോട്ടാഞ്ഞ് ജഡേജ ലോംഗ് ഓണിലേക്ക് പറത്തി. അത് സിക്സാണെന്ന് തിരിച്ചറിയാന്‍ കമന്‍റേറ്റര്‍മാര്‍ പോലും കുറച്ചു സമയമെടുത്തു. ഇതോടെ മോഹിത്തിന് അടുത്തെത്തി ഹാര്‍ദ്ദിക് വീണ്ടും ചര്‍ച്ച തുടങ്ങി.

ജഡേജയുടെ ലെഗ് സ്റ്റംപില്‍ എറിയാന്‍ ഹാര്‍ദ്ദിക്കിന്‍റെ നിര്‍ദേശം. ഫൈന്‍ ലെഗ് ഫീല്‍ഡറെ ഇറക്കി നിര്‍ത്തിയിരുന്നതിനാല്‍ ആത്മഹത്യാപരമായ തീരുമാനമായിരുന്നു അത്. ലെഗ് സ്റ്റംപില്‍ മോഹിത് എറിഞ്ഞ ഫുള്‍ട്ടോസ് ബൗളിനെ ബാറ്റുകൊണ്ട് തഴുകി ഗുജറാത്തുകാരനായ രവീന്ദ്ര ജഡേജ ഫൈന്‍ ലെഗ്ഗ് ബൗണ്ടറി കടത്തുമ്പോള്‍ ജയ് ഷായുടെ മുഖത്തേക്ക് മാത്രം ക്യാമറകള്‍ സൂം ചെയ്തില്ല. ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ബിസിസിഐ സെക്രട്ടറിയുടെ വിവര്‍ണമായ മുഖം കാണേണ്ടിവന്നേനെയെന്നാണ് ആരാധകര്‍ പറയുന്നത്. ബിസിസിഐ സെക്രട്ടറി തന്നെ ഗുജറാത്തിന്‍റെ ജയം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന്‍റെ തെളിവാണിതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുമ്പോള്‍ ഒന്നും പേടിക്കണ്ട ഇപ്പോ അടിക്കും എന്നാണ് ജയ് ഷാ പറയുന്നതെന്ന് മറുവിഭാഗവും പറയുന്നു. എല്ലാം നേരത്തെ തയാറാക്കിയ തിരക്കഥയാണെന്നും തിരക്കഥ മറന്ന് പ്രതികരിച്ചതാണ് ജയ് ഷാക്ക് പണിയായതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios