ലഖ്നൗ സൂപ്പര്‍ സ്റ്റാറിന്‍റെ വെടിക്കെട്ട് കാണാനെത്തി; താരപുത്രിക്ക് നിരാശ, പക്ഷേ ടീമിന്‍റെ വിജയം വൻ ആഘോഷമാക്കി
കെ എല്‍ രാഹുലിന്‍റെ ഭാര്യയും ബോളിവുഡ് താരവുമായ ആതിഷ ഷെട്ടിയും മത്സരം കാണാൻ എത്തിയിരുന്നു.
മൊഹാലി: പഞ്ചാബിന്‍റെ തട്ടകത്തിലെത്തിയുള്ള കെ എല്‍ രാഹുലിന്‍റെയും സംഘത്തിന്‍റെയും മിന്നും വിജയം ആഘോഷിച്ച് ആതിയ ഷെട്ടി. ഇന്നലെ മൊഹാലിയില്‍ കെ എല്‍ രാഹുലിന്‍റെ ഭാര്യയും ബോളിവുഡ് താരവുമായ ആതിഷ ഷെട്ടിയും മത്സരം കാണാൻ എത്തിയിരുന്നു. രാഹുലിന്‍റെ വെടിക്കെട്ട് പ്രകടനം കാണാനാണ് എത്തിയതെങ്കിലും ആതിയ ഷെട്ടിക്ക് നിരാശയായിരുന്നു ഫലം. ഒമ്പത് പന്തില്‍ 12 റണ്‍സുമായാണ് താരം മടങ്ങിയത്.
എന്നാല്‍, താരത്തിന്‍റെ 103 മീറ്റര്‍ സിക്സ് ആതിയ ആഘോഷമാക്കി. കൂടാതെ, പഞ്ചാബ് ബാറ്റര്‍ പ്രഭ്‍സിമ്രാൻ സിംഗിന്‍റെ വിക്കറ്റ് നൂര്‍ അഹമ്മദ് നേടിയപ്പോള്‍ ഗാലറിയില്‍ കയ്യടിച്ച് ആഘോഷിക്കുന്ന ആതിയ ഷെട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് സാധിച്ചില്ല.
പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്. രാജസ്ഥാന് +0.939 റണ്‍ റേറ്റുള്ളപ്പോള്‍ ലഖ്നൗവിന് +0.841 നെറ്റ് റണ്‍റേറ്റാണുള്ളത്. വമ്പന്‍ ജയത്തോടെ ലഖ്നൗ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഐപിഎല്‍ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തേക്ക് വീണു.
രാജസ്ഥാന്‍, ലഖ്നൗ, ചെന്നൈ ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാല്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. ഗുജറാത്ത് ജയിച്ചാല്‍ റോയല്‍സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങും. ഇന്ന് നടക്കുന്ന രണ്ടാം മത്സരം പോയന്‍റ് പട്ടികയില്‍ കാര്യമായ മാറ്റം വരുത്തില്ല. കാരണം, ഇരു ടീമുകള്‍ക്കും ഏഴ് മത്സരങ്ങളില്‍ നാലു പോയന്‍റ് വീതമാണുള്ളത്. അവസാന സ്ഥാനക്കാരാണെന്നതും നെറ്റ് റണ്‍ റേറ്റിലും ഏറെ പുറകിലാണെന്നുതും തന്നെ കാരണം. ജയിച്ചാല്‍ ഡല്‍ഹിക്ക് അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി ഒമ്പതാം സ്ഥാനത്തെത്താം.