എന്നാലും ധവാനെ! 'നൈസായി ഹിറ്റ്മാനെ പറ്റിച്ചുവല്ലേ'; രോഹിത്തിന്‍റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറല്‍
ടോസ് നേടി രോഹിത് ബൗളിംഗ് ആണ് തെരഞ്ഞെടുത്തത്. ധവാന്‍റെ ഉപദേശം കേട്ടാണ് പഞ്ചാബിനെതിരെ ആദ്യം ബൗള്‍ ചെയ്യുന്നതെന്നായിരുന്നു രോഹിത് തമാശയായി പറഞ്ഞത്.
മൊഹാലി: വമ്പൻ സ്കോര്‍ കുറിച്ചിട്ടും മുംബൈ ഇന്ത്യൻസിന്‍റെ തേരോട്ടത്തെ മൊഹാലിയില്‍ പിടിച്ചുക്കെട്ടാൻ പഞ്ചാബ് കിംഗ്സിന് സാധിച്ചിരുന്നില്ല. ഇഷാൻ കിഷനും സൂര്യകുമാര്‍ യാദവും വെടിക്കെട്ട് നടത്തിയപ്പോള്‍ അനായാസം മുംബൈ ലക്ഷ്യത്തിലെത്തി. എന്നാല്‍, ഇതിനിടെ ശിഖര്‍ ധവാൻ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനായ രോഹിത് ശര്‍മ്മയെ പറ്റിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടോസ് നേടിയ സമയത്ത് രോഹിത് തമാശയായി പറഞ്ഞ ഒരു കാര്യമാണ് ഇത്തരമൊരു ചോദ്യത്തിന് കാരണം.
ടോസ് നേടി രോഹിത് ബൗളിംഗ് ആണ് തെരഞ്ഞെടുത്തത്. ധവാന്‍റെ ഉപദേശം കേട്ടാണ് പഞ്ചാബിനെതിരെ ആദ്യം ബൗള്‍ ചെയ്യുന്നതെന്നായിരുന്നു രോഹിത് തമാശയായി പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ധവാനോട് ചോദിച്ചു, ആദ്യം ബൗള്‍ ചെയ്യാനാണ് പറഞ്ഞത്. അതുകൊണ്ട് ആദ്യം ബൗളിംഗ് ചെയ്യുന്നു എന്നാണ് രോഹിത് ടോസ് സമയത്ത് പറഞ്ഞത്. എന്നാല്‍, പഞ്ചാബ് കിംഗ്സ്, മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് പായിച്ചതോടെയാണ് രോഹിത്തിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ട തുടങ്ങിയത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ടുകളില്‍ ഒന്നാണ് രോഹിത്തും ധവാനും. അത്രയും കൂട്ടുണ്ടായിട്ടും എന്തിന് രോഹിത്തിനെ പറഞ്ഞു പറ്റിച്ചുവെന്നാണ് ധവാനോട് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കിയാണ് മുംബൈ ഇന്ത്യൻസ് വിജയം കുറിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്.
പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു. പഞ്ചാബിനായി നഥാൻ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്കോറിലേക്ക് എത്തിയത്. കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.