ഇഫ് യു ആർ ബാഡ്! അശ്വിന്റെ മൈൻഡ് ഗെയിമിന് കുറിക്ക് കൊള്ളുന്ന മറുപടി, രഹാനെയെ നെഞ്ചേറ്റി ചെന്നൈ ആരാധകർ
ഇന്നലെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ ചെപ്പോക്കിൽ കളിക്കുമ്പോഴും അത്തരത്തിലുള്ള ഒരു മൈൻഡ് ഗെയിം അശ്വിൻ പുറത്തെടുത്തു. അജിൻക്യ രഹാനെയാണ് അപ്പോൾ ബാറ്റ് ചെയ്തിരുന്നത്
ചെന്നൈ: ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ പുറത്താക്കുന്ന മങ്കാദിംഗ് രീതിയെ റണ്‍ ഔട്ട് എന്ന് പുനര്‍നാമകരണം ചെയ്തിട്ട് അധിക കാലമായിട്ടില്ല. പക്ഷേ ഇപ്പോഴും ഈ രീതി ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍, ഇന്ത്യയുടെയും രാജസ്ഥാൻ റോയല്‍സിന്‍റെയും താരമായ ആര്‍ അശ്വിൻ ഈ രീതിക്ക് ഒരു പ്രശ്നവും കാണാത്ത താരമാണെന്ന് മുമ്പേ തെളിയിച്ചതാണ്. മൈൻഡ് ഗെയിമുകളുടെ ഉസ്താദ് എന്നൊരു വിശേഷണം കൂടെ ചില ആരാധകർ അശ്വിന് നൽകാറുണ്ട്.
ഇന്നലെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ ചെപ്പോക്കിൽ കളിക്കുമ്പോഴും അത്തരത്തിലുള്ള ഒരു മൈൻഡ് ഗെയിം അശ്വിൻ പുറത്തെടുത്തു. അജിൻക്യ രഹാനെയാണ് അപ്പോൾ ബാറ്റ് ചെയ്തിരുന്നത്. നോൺ സ്ട്രൈക്കർ എൻഡിൽ ഡെവോൺ കോൺവെയുമായിരുന്നു. പന്തെറിയാനായി എത്തിയ അശ്വിൻ ആക്ഷൻ എടുത്ത ശേഷം പെട്ടെന്ന് പിൻവലിഞ്ഞു. ഇതോടെ കോൺവെ താൻ ക്രീസിനുള്ളിലാണെന്ന് ഉറപ്പുവരുത്തി.
തൊട്ടടുത്ത പന്ത് അശ്വിൻ എറിഞ്ഞെങ്കിലും അതിന് മുമ്പേ മാറിക്കൊണ്ടാണ് രഹാനെ മറുപടി കൊടുത്തത്. ചെപ്പോക്കിലെ ആരാധകർ ഈ മറുപടി ആസ്വദിച്ച് കൊണ്ട് രഹാനെയ്ക്കായി ആർപ്പുവിളിച്ചു. അതേ ഓവറിൽ അശ്വിനെതിരെ രഹാനെ സിക്സും നേടിയതോടെ ചെപ്പോക്ക് അത് ആഘോഷമാക്കി. പിന്നീട് രഹാനെയുടെ വിക്കറ്റ് നേടി കൊണ്ട് അശ്വിൻ മത്സരത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കിയിരുന്നു.
ഈ സീസണിൽ രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള കളിക്കിടയിലും അശ്വിൻ സമാനമായ തന്ത്രം പ്രയോഗിച്ചിരുന്നു. പന്തെറിയാനായെത്തി പാതി ആക്ഷനുമെടുത്ത ശേഷം അശ്വിൻ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞ് ഒന്ന് നോക്കിയപ്പോഴേ നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ പുറത്തുണ്ടായിരുന്ന ശിഖര്‍ ധവാൻ വേഗം ക്രീസിനുള്ളിലേക്ക് കയറി. അശ്വിൻ ധവാന് ഇനി പുറത്തിറങ്ങിയാല്‍ 'പണി കിട്ടും' എന്ന് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നുവെന്നാണ് ആരാധകർ ഇതിനോട് പ്രതികരിച്ചത്.