ലോകം നോക്കിനില്‍ക്കേ അന്ന് നേരിട്ട അപമാനത്തിനും ചിരിക്കും അര്‍ജുന് പ്രതികാരം ചെയ്യണം! രണ്ടുംകല്‍പ്പിച്ച് താരം
ഐപിഎല്‍ താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റൻസ് നടത്തിയ ഒരു ഇടപെടല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതാണ്. ലേലത്തില്‍ അര്‍ജുന്‍റെ പേര് വന്നപ്പോള്‍ താരത്തെ മുംബൈ എടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല.
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി അര്‍ജുൻ ടെന്‍ഡുല്‍ക്കര്‍. താരത്തിന് ഗുജറാത്ത് ടീമിനോട് പഴയ ഒരു കണക്ക് ബാക്കിയുണ്ട്. ഐപിഎല്‍ താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റൻസ് നടത്തിയ ഒരു ഇടപെടല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതാണ്. ലേലത്തില്‍ അര്‍ജുന്‍റെ പേര് വന്നപ്പോള്‍ താരത്തെ മുംബൈ എടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഗുജറാത്ത് ടീം അര്‍ജുനായി ലേലം വിളി നടത്തി. തുടര്‍ന്ന് 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. അര്‍ജുനെ സ്വന്തമാക്കാനായിരുന്നില്ല, മറിച്ച് പരിഹസിക്കാനാണ് ഈ നീക്കം നടത്തിയതെന്ന് അന്ന് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ ഗുജറാത്ത് മുഖ്യ പരിശീലകനായ ആശിഷ് നെഹ്റയുടെ ഒരു ചിരിയും ഇത്തരമൊരു വാദത്തിന് ബലമേകി. ലേല ഹാള്‍ മുഴുവൻ ഈ സമയം ചിരിച്ചിരുന്നു.
ഈ പരിഹാസത്തിന് മറുപടി കൊടുക്കാനാകും അര്‍ജുൻ ഇന്ന് ശ്രമിക്കുകയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്. അതേസമയം, വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതെങ്കില്‍ വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല. അര്‍ജുന്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 25 റണ്‍സ് വഴങ്ങിയിരുന്നു. . രോഹിത്, ഇഷാൻ കിഷൻ, കാമറൂണ്‍ ഗ്രീൻ, സൂര്യ കുമാര്‍ യാദവ്, ടിം ഡേവിഡ്, തിലക് വര്‍മ്മ എന്നിവരടങ്ങിയ ബാറ്റിംഗ് നിര തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ സുസജ്ജമാണ് ഗുജറാത്ത്. ഇടയ്ക്കൊന്ന് പതറിയെങ്കിലും ടീം ഗംഭീരമായി തിരിച്ചുവന്നു. ലഖ്നൗവിനെതിരെ 135 എന്ന കുറഞ്ഞ സ്കോര്‍ പോലും പ്രതിരോധിക്കാനായെന്നത് ചാംപ്യൻ ടീമിന്‍റെ ശക്തി തുറന്ന് കാട്ടുന്നതാണ്.