എങ്ങനെ സഹിക്കും! വിതുമ്പി അനൂഷ്ക, നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് ആരാധിക; ട്രോളുമായി എതിർ ടീമുകളുടെ ആരാധകരും
എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്.
ബംഗളൂരു: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സിനോട് തോൽവിയേറ്റതിന്റെ ആഘാതത്തിലാണ് ആർസിബി ആരാധകർ. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂടാതെ ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനൂഷ്ക ശർമ്മയെയും തോൽവി വളരെയധികം നിരാശപ്പെടുത്തി. എന്നാൽ, എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്.
ലഖ്നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. എം എസ് ധോണി പല സമയത്തും, പ്രത്യേകിച്ച് 2016 ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സമാനമായ സാഹചര്യത്തിൽ നടത്തിയ മിന്നുന്ന പ്രകടനം ഒന്ന് കണ്ട് നോക്കാനാണ് ആരാധകർ കാർത്തിക്കിനോട് പറയുന്നത്. ഒരു പടി കൂടെ കടന്ന ദിനേശ് കാർത്തിക്കിന്റെ നിദാഹാസ് ട്രോഫിയിലെ ഫിനിഷിംഗ് ഭാഗ്യം കൊണ്ട് മാത്രമായിരുന്നുവെന്ന് വരെ ചില ആരാധകർ വിമർശിക്കുന്നുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.