ഐപിഎല്‍ ഫൈനല്‍: റിസര്‍വ് ദിനത്തില്‍ കാത്തിരിക്കുന്നത് പെരുമഴയോ, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശവും കാലാവസ്ഥയുമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്പ് മാത്രം പൊടുന്നനെ കനത്ത ഇടിയും മഴയുമെത്തി. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട പരിശീലനത്തിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിക്കുകയായിരുന്നു.
അഹമ്മദബാദ്: ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ ഫൈനലിന് റിസര്‍വ് ദിനമുണ്ടോ എന്ന ആശയക്കുഴപ്പത്തിനൊടുവില്‍ ഒടുവില്‍ ബിസിസിഐ മത്സരം ഇന്നത്തേക്ക് മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് പാതിരാത്രിയോടെ. എന്തായാലും ഒരു ദിവസം നീണ്ടാലും ഇന്നെങ്കിലും കിരീടപ്പോരാട്ടം നടക്കുമോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ആരാധകരിപ്പോള്‍.
ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശവും കാലാവസ്ഥയുമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്പ് മാത്രം പൊടുന്നനെ കനത്ത ഇടിയും മഴയുമെത്തി. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട പരിശീലനത്തിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിക്കുകയായിരുന്നു.
അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്നും ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയാണ് അഹമ്മദാബാദില്‍ പ്രവചിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷം ആകാശം നേരിയതോതില്‍ മേഘാവൃതമാകും. 5-6 മണിയോടെ ആകാശം കൂടുതല്‍ മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യതയില്ലെന്നാണ് അക്യുവെതര്‍ പ്രവചിക്കുന്നത്. ടോസ് സമയമായ ഏഴ് മണി ആവുമ്പോഴേക്കും ആകാശത്തുനിന്ന് മഴമേഘങ്ങള്‍ ഒഴിഞ്ഞു പോകുമെന്നും ഇന്ന് മഴ പെയ്യാനിടയില്ലെന്നുമാണ് അക്യുവെതറിന്‍റെ പ്രവചനം.
നേരത്തെ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്തും മുംബൈയും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടവും മഴമൂലം വൈകിയിരുന്നു. എന്നാല്‍ അര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയതെങ്കിലം മത്സരം 20 ഓവര്‍ വീതം നടത്താനാനായിരുന്നു. ഇന്ന് മഴ പെയ്യില്ലെന്ന പ്രവചനമുള്ളതിനാല്‍ ഇന്നലെ നിരാശയോടെ സ്റ്റേഡിയം വിടേണ്ടിവന്ന ഒറു ലക്ഷത്തോളം ആരാധകര്‍ വീണ്ടും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷ. മത്സരം 7.30ന് തുടങ്ങാനായില്ലെങ്കില്‍ പോലും രാത്രി 9.40വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാവും. 9.40നും തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കു.