ജയിച്ചിട്ടും കുറ്റപ്പെടുത്തല്‍! 'സഞ്ജു സ്റ്റക്കായി പോയി, എന്തുകൊണ്ട് അങ്ങനെ ചെയ്തു?' വിമര്‍ശിച്ച് ആകാശ് ചോപ്ര
തന്‍റെ ബൗളിംഗ് വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടുവെന്നാണ് ആകാശ ചോപ്ര വിമര്‍ശിക്കുന്നത്
ജയ്പുര്‍: സീസണില്‍ രണ്ടാം തവണയും സാക്ഷാല്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയിട്ടും സഞ്ജു സാംസണിന്‍റെ നായക മികവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്‍റെ ബൗളിംഗ് വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടുവെന്നാണ് ആകാശ ചോപ്ര വിമര്‍ശിക്കുന്നത്. മൂന്ന് വിക്കറ്റുകള്‍ നേടിയ ആദം സാംപയെ ചോപ്ര പ്രശംസിച്ചു.
എന്നാല്‍, എന്തുകൊണ്ട് താരത്തിനെ കൊണ്ട് നാല് ഓവറുകള്‍ സഞ്ജു എറിയിപ്പിച്ചില്ല എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ആദ്യമായാണ് സഞ്ജുവിന് അഞ്ച് ബൗളിംഗ് ഓപ്ഷനുകള്‍ ലഭിക്കുന്നത്. ഇതോടെ സഞ്ജുവിന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി പോയെന്നും ചോപ്ര പറഞ്ഞു. ജേസണ്‍ ഹോള്‍ഡര്‍ 50ന് അടുത്ത് റണ്‍സ് വഴങ്ങിയിട്ടും തന്‍റെ നാല് ഓവറുകള്‍ പൂര്‍ത്തിയാക്കി. മറ്റ് രണ്ട് ഫാസ്റ്റ് ബൗളർമാർ, സന്ദീപ് ശർമ്മയും കുൽദീപ് യാദവും ഏഴ് വളരെ മികച്ച രീതിയില്‍ എറിഞ്ഞുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സഞ്ജു സാംസണിന്‍റെ നായക മികവിനെ രവി ശാസ്ത്രി, ഇര്‍ഫാൻ പത്താൻ അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. ഏത് സമ്മര്‍ദ്ദഘട്ടത്തിലും വളരെ ശാന്തനും സമചിത്തതയോടെ തീരുമാനമെടുക്കുന്നവനുമായ സഞ്ജുവില്‍ ധോണിയുടെ അതേ മികവുകളുണ്ടെന്നാണ് ശാസ്ത്രി പറഞ്ഞത്. സഹതാരങ്ങളോട് തന്‍റെ മുഖത്തെ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത സഞ്ജുവിന് അവരോട് നല്ലരീതിയില്‍ ആശയവിനിമയം നടത്താനും മിടുക്കുണ്ട്.
സഞ്ജു ക്യാപ്റ്റനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവന്‍ കൂടുതല്‍ പരിചയ സമ്പന്നനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു. രാജസ്ഥാന്‍ ടീമില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഒറ്റ പേസര്‍പോലും ഇല്ലാതിരുന്നിട്ടും കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാരുടെ മികവാണ് രാജസ്ഥാനെ ജയിപ്പിച്ചതെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ബൗളര്‍മാരെ തന്ത്രപരമായി ഉപയോഗിച്ച സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 10 മാര്‍ക്ക് നല്‍കണമെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.