അവിശ്വസനീയം, അവിസ്മരണീയം, അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ്, റിങ്കു സിംഗ് പറത്തിയത് തുടര്‍ച്ചയായി 5 സിക്സ്
യാഷ് ദയാല്‍ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഉമേഷ് യാദവ്. ആദ്യ പന്തില്‍ സിംഗിളെടുത്ത് ഉമേഷ് സ്ട്രൈക്ക് റിങ്കു സിംഗിന് കൈമാറി. ജയിക്കാന്‍ വേണ്ടത് അഞ്ച് പന്തില്‍ 28 റണ്‍സ്. രണ്ടാം പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ടോസ്. എക്സ്ട്രാ കവറിന് മുകളിലൂടെ റിങ്കു സിക്സിന് പറത്തുമ്പോള്‍ അതൊരു തുടക്കമാണെന്ന് ഗുജറാത്ത് സ്വപ്നത്തില്‍ പോലും കരുതിയില്ല.
അഹമ്മദാബാദ്:ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത് റിങ്കു സിംഗ്. വെങ്കിടേഷ് അയ്യര്‍ വെടിക്കെട്ടില്‍ വിജയം പ്രതീക്ഷിച്ച കൊല്‍ക്കത്ത റാഷിദ് ഖാന്‍റെ ഹാട്രിക്കില്‍ പരാജയം ഉറപ്പിച്ചിടത്തു നിന്ന് അവിശ്വസനീയമായി റിങ്കു സിംഗ് വിജയം അടിച്ചെടുക്കുന്ന കാഴ്ച. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും വലിയ ആവേശപ്പോരാട്ടം കണ്ടിട്ടുണ്ടോ എന്ന് ആരാധകര്‍ക്ക് പോലും സശയമാകും.
യാഷ് ദയാല്‍ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഉമേഷ് യാദവ്. ആദ്യ പന്തില്‍ സിംഗിളെടുത്ത് ഉമേഷ് സ്ട്രൈക്ക് റിങ്കു സിംഗിന് കൈമാറി. ജയിക്കാന്‍ വേണ്ടത് അഞ്ച് പന്തില്‍ 28 റണ്‍സ്. രണ്ടാം പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ടോസ്. എക്സ്ട്രാ കവറിന് മുകളിലൂടെ റിങ്കു സിക്സിന് പറത്തുമ്പോള്‍ അതൊരു തുടക്കമാണെന്ന് ഗുജറാത്ത് സ്വപ്നത്തില്‍ പോലും കരുതിയില്ല. മൂന്നാം പന്ത് പാഡിന് നേരെ ഫുള്‍ടോസ്, ഫൈന്ഡ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ അതും റിങ്കു സിക്സ് പറത്തിയപ്പോഴും അണയാന്‍ പോകുന്നതിന്‍റെ ആളിക്കത്തല്‍ എന്നെ ഗുജറാത്ത് കരുതിയുള്ളു.
നാലാം പന്തും യാഷ് ദയാലിന്‍റെ വക ഫുള്‍ ടോസ്, ഇത്തവണ ലോംഗ് ഓണിന് മുകളിലൂടെ റിങ്കു സിക്സ് നേടിയപ്പോള്‍ ഗുജറാത്ത് അപകടം മണത്തു. നായകന്‍ റാഷിദ് ഖാനും ശുഭ്മാന്‍ ഗില്ലുമെല്ലാം ഓടിയെത്തി യാഷ് ദയാലിനെ ഉപദേശിച്ചു. കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ 10 റണ്‍സ്. ഒരു പന്ത് മിസ് ആയാല്‍ തോല്‍വി ഉറപ്പ്. എന്നാല്‍ യാഷ് ദയാല്‍ അഞ്ചാം പന്തെറിഞ്ഞത് സ്ലോ ബോള്‍. അതും റിങ്കു സിംഗ് ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്തി.
കളി കൈവിടുകയാണെന്ന് ഗുജറാത്തിന് മനസിലായി.കാരണം കൊല്‍ക്കത്തക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടത് ഒരു പന്തില്‍ നാലു റണ്‍സായിരുന്നു. വീണ്ടും കൂടിയാലോചന, സമ്മര്‍ദ്ദം, ഒടുവില്‍ യാഷ് ദയാല്‍ പന്തെറിഞ്ഞു. അത് ദയാലിന്‍റെ തലക്ക് മുകളിലൂടെ സിക്സിന് പറത്തി റിങ്കു സിംഗ് കുറിച്ചത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ വിജയം.
ജയിക്കാന്‍ അവസാന ഓവറില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ അഞ്ച് സിക്സ് അടിച്ച് ജയിക്കുക എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമെന്ന് കരുതിയവരെ ഞെട്ടിച്ച് റിങ്കു ക്രിക്കറ്റില്‍ അസാധ്യമായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ചു. വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗും ഗുജറാത്ത് നായകനായ റാഷിദ് ഖാന്‍റെ ഹാട്രിക്കും കണ്ട മത്സരത്തിന് അങ്ങനെ നാടകീയ അവസാനം.