ബെയര്‍സ്റ്റോ-വാര്‍ണര്‍ വെടിക്കെട്ട്; കൊല്‍ക്കത്തയെ പൊളിച്ചടുക്കി ഹൈദരാബാദ്
കൊല്‍ക്കത്തയുടെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് വാര്‍ണര്‍റും ബെയര്‍സ്റ്റോയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ആദ്യ ആറോവറില്‍ 72 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍ണ്‍സേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അഞ്ചോവറും ഒമ്പത് വിക്കറ്റും ബാക്കി നിര്‍ത്തി ഹൈദരാബാദ് മിറകടന്നു. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 159/8, സണ്‍റൈസേഴ്സ് ഹൈദരാബാദ് 15 ഓവറില്‍ 161/1.
കൊല്‍ക്കത്തയുടെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് വാര്‍ണര്‍റും ബെയര്‍സ്റ്റോയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ആദ്യ ആറോവറില്‍ 72 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇതോടെ കളി കൈവിട്ട കൊല്‍ക്കത്തക്ക് പിന്നീടെല്ലാം ചടങ്ങ് മാത്രമായി.38 പന്തില്‍ 67 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ബെയര്‍സ്റ്റോ 43 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ടു റണ്‍സെടുത്ത കെയ്ന്‍ വില്യാംസണ്‍ വിജയത്തില്‍ ബെയര്‍സ്റ്റോക്ക് കൂട്ടായി. രണ്ടോവറില്‍ 34 റണ്‍സ് വഴങ്ങിയ കരിയപ്പയാണ് കൊല്‍ക്കത്ത നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ക്രിസ് ലിന്നിന്റെ അര്‍ധസെഞ്ചുറി മികവിലാണ് 159 റണ്‍സെടുത്തത്. എട്ടു പന്തില്‍ 25 റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും നരെയ്ന്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് മന്ദഗതിയിലായി. ശുഭ്മാന്‍ ഗില്‍(3), നിതീഷ് റാണ(11), ദിനേശ് കാര്‍ത്തിക്(6) എന്നിവരെ പെട്ടെന്ന് നഷ്ടമായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞു. പിന്നീട് ഉത്തപ്പക്ക് പകരം ടീമിലെത്തിയ റിങ്കു സിംഗുമൊത്ത്(30) ലിന്‍ കൊല്‍ക്കത്തയെ 100 കടത്തി.
അവസാന ഓവറുകളില്‍ ആന്ദ്രെ റസലിന് ആഞ്ഞടിക്കാനുള്ള അവസരം ഹൈദരാബാദ് നിഷേധിച്ചതോടെ വമ്പന്‍ സ്കോര്‍ അകലെയായി. ഒമ്പത് പന്തില്‍ രണ്ട് സിക്സറുകളടക്കം 15 റണ്‍സായിരുന്നു റസലിന്റെ സംഭാവന. അവസാന ഓവറില്‍ സിക്സര്‍ സഹിതം ഒമ്പത് റണ്‍സെടുത്ത കരിയപ്പയാണ് കൊല്‍ക്കത്തയെ 159 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍കുമാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റഷീദ് ഖാന്‍ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.